തിരുവനന്തപുരം:യുവതീപ്രവേശനത്തിനു പിന്നാലെ സംസ്ഥാനത്താകെ വൻതോതിൽ അക്രമമുണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും അക്രമം തടയാനുള്ള കരുതൽ നടപടിയെടുക്കാതിരുന്നതിൽ പാലക്കാട്, കോഴിക്കോട്, കൊല്ലം എസ്.പിമാരെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ അതൃപ്തി അറിയിച്ചു. റെയ്ഡുകളും കരുതൽ തടങ്കലുകളും തുടങ്ങിയത് ഏറെ വൈകിയാണെന്ന് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ഇന്റലിജൻസ് മുന്നറിയിപ്പുകളിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് നൽകാനും ഇവരോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ മുഴുവൻ അക്രമികളെയും പിടികൂടണമെന്ന കർശന നിർദ്ദേശവും ഡി.ജി.പി നൽകിയിട്ടുണ്ട്.
അക്രമ സാദ്ധ്യതയുള്ള പ്രദേശങ്ങളും പ്രശ്‌നക്കാരാകാൻ ഇടയുള്ളവരുടെ ലിസ്റ്റും സഹിതമായിരുന്നു ഇന്റലിജൻസ് മുന്നറിയിപ്പുകൾ. പ്രശ്‌നക്കാരെ കരുതൽ തടങ്കലിലാക്കണമെന്നും ഇതിനുള്ള അനുമതി വേഗത്തിൽ ലഭ്യമാക്കാൻ ചീഫ്സെക്രട്ടറി കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡി.ജി.പി ജില്ലാ പൊലീസ് മേധാവികളെ അറിയിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ സംഘർഷം തുടങ്ങിയിട്ടും ചില ജില്ലകളിൽ പൊലീസ് മേധാവിമാർ രംഗത്തിറങ്ങിയില്ല. മിക്കയിടത്തും പൊലീസ് കാഴ്ചക്കാരന്റെ റോളിലായിരുന്നു. ആവശ്യത്തിന് പൊലീസിനെ വിന്യസിച്ച് ബുധനാഴ്ച തന്നെ അക്രമം അടിച്ചൊതുക്കിയെങ്കിൽ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി അക്രമം പടരുമായിരുന്നില്ലെന്നാണ് പൊലീസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അംഗബലത്തിൽ പൊലീസിന്റെ പതിന്മടങ്ങുണ്ടായിരുന്ന അക്രമികൾ മിക്കയിടത്തും അഴിഞ്ഞാടി. കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുക മാത്രമാണ് പലേടത്തും പൊലീസ് ചെയ്തത്.
കാമറാ ദൃശ്യങ്ങളിൽ നിന്ന് അക്രമികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബമുണ്ടാക്കണം. ഇതിന് ജില്ലാ സ്പെഷ്യൽബ്രാഞ്ച് സഹായം നൽകും. ഇത് എല്ലാ പൊലീസുദ്യോഗസ്ഥർക്കും നൽകണം. ജില്ലകളിൽ അക്രമികളെക്കുറിച്ചുള്ള ഡാറ്റാബേസുണ്ടാക്കണം. ഇവരെ തുടർച്ചയായി നിരീക്ഷണത്തിലാക്കണം. അക്രമികളെ പിടികൂടാനും അന്വേഷണത്തിനുമായി ജില്ലാ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളുണ്ടാക്കണം.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ മൂന്നു ദിവസം സംസ്ഥാനത്ത് വ്യാപകമായി അക്രമം ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. സംരക്ഷണം ലഭിച്ചാൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചിരുന്നെങ്കിലും സംരക്ഷണം നൽകാൻ പൊലീസിനായില്ല. തുറന്ന കടകൾ പൊലീസ് സാന്നിദ്ധ്യത്തിൽ അക്രമികൾ അടപ്പിച്ചതും പൊലീസിന് നാണക്കേടായി. രാഷ്ട്രീയപാർട്ടി ഓഫീസുകൾക്ക് സംരക്ഷണം നൽകണമെന്ന് കർശന നിർദ്ദേശമുണ്ടായിട്ടും, മിക്ക ജില്ലകളിലും അതിന് കഴിഞ്ഞില്ലെന്നും ഡി.ജി.പി കുറ്റപ്പെടുത്തി.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം ഗുരുതരമായി കാണണം. വർഗീയ പ്രചാരണവും തകൃതിയായി നടക്കുന്നുണ്ട്. സൈബർ പൊലീസും സൈബർഡോമും ഇത്തരക്കാരുടെ വിവരങ്ങൾ അതത് ജില്ലാ പൊലീസിന് കൈമാറും. ഇവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.