hartal-loss

തിരുവനന്തപുരം:ശബരിമലയിൽ യുവതികളെ കയറ്റിയതിനെതിരെ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് വ്യാപകമായുണ്ടായ അക്രമങ്ങളിലും ബി.ജെ.പി പിന്തുണയോടെ ശബരിമല കർമ്മസമിതി വ്യാഴാഴ്ച നടത്തിയ ഹർത്താലിലും രണ്ടായിരം കോടിയോളം രൂപയുടെ നഷ്‌ടമാണുണ്ടായത്. പ്രളയത്തിന്റെ ഭീകരനഷ്‌ടത്തിൽ നിന്ന് കരകയറാൻ പെടാപ്പാടു പെടുമ്പോഴാണ് ഈ പ്രഹരം.

കെ.എസ്.ആർ.ടി.സി, പൊലീസ്, സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ നൂറിലേറെ വാഹനങ്ങളാണ് നശിപ്പിച്ചത്. പ്രളയത്തിൽ മുങ്ങിയ പൊതുസ്ഥാപനങ്ങളും മറ്റും വീണ്ടും കെട്ടിപ്പടുക്കുന്നതിനിടയിലാണ് അവയിൽ പലതും തച്ചുടയ്‌ക്കപ്പെട്ടത്. ഇരുപതിലേറെ സർക്കാർ സ്ഥാപനങ്ങൾ ഭാഗികമായോ, പൂർണമായോ നശിപ്പിക്കപ്പെട്ടു. അത്രതന്നെ വീടുകൾക്കും നാശമുണ്ടായി.

പ്രളയപുനർനിർമ്മാണത്തിന് സർക്കാരിനാവശ്യം 31,000 കോടിയാണ്. ഇതിൽ 80 ശതമാനവും വായ്പകളിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും അക്രമങ്ങളും സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കും. നിക്ഷേപാനുകൂല സാഹചര്യമില്ലെന്ന കുപ്രസിദ്ധി നിക്ഷേപകരെ പിന്തിരിപ്പിക്കും.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മാത്രം ഏഴ് ഹർത്താലുകളാണ് നടന്നത്. ഇത് ദേശീയ അന്തർദേശീയ മാദ്ധ്യമങ്ങളിൽ വരുന്നത് ടൂറിസം വരുമാനത്തെയും സംസ്ഥാനത്തിന്റെ വായ്പാലഭ്യതയെയും ഇങ്ങോട്ടുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിനെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.

നഷ്‌ടക്കണക്ക്

വ്യാപാരികൾക്ക് 100 കോടി കച്ചവട നഷ്ടവും 10 കോടി ആസ്‌തി നഷ്‌ടവും

ഒരു ദിവസം ചെറുതും വലുതുമായ പത്തുലക്ഷത്തോളം കടകളും പൊതുയാത്രാ സംവിധാനങ്ങളും അടച്ചിട്ടതിനാൽ വ്യാപാരത്തിലും ഇടപാടുകളിലും ഉണ്ടായ മൂല്യനഷ്ടം 1400 കോടി

രജിസ്ട്രേഷൻ, വ്യാപാര, സേവന ഇടപാടുകൾ, സൽക്കാരങ്ങൾ, ടൂറിസം പാക്കേജുകൾ എന്നിവ റദ്ദാക്കിയതിൽ കോടികളുടെ നഷ്ടം വേറെ.

സർക്കാർ, സ്വകാര്യ, പൊതുമേഖലാസ്ഥാപനങ്ങളിലും ഇൻഫോപാർക്കുകളിലും ടെക്നോപാർക്കിലും ജീവനക്കാർ വരാതിരുന്നാലുള്ള നഷ്ടം 200 കോടി. അത് ഉത്പാദനനഷ്ടം.

കെ.എസ്.ആർ.ടി. സിയുടെ ആസ്‌തി നഷ്ടം 3.5 കോടി

കെ.എസ്.ആർ.ടി.സി.യുടെ ഒരുദിവസത്തെ വരുമാന നഷ്ടം 6.5 കോടി.

ലോട്ടറി കച്ചവടത്തിൽ നഷ്ടം 28 കോടി.

ബിവറേജസിൽ ഒരു ദിവസത്തെ കച്ചവടം മുടങ്ങിയതിന്റെ നഷ്ടം 37 കോടി.

സർക്കാരിന് ഒരുദിവസത്തെ നികുതി നഷ്ടം 126 കോടി