നെടുമങ്ങാട്: റബർ വില തകർച്ചയിൽ കഷ്ടപ്പെടുന്ന കർഷകരെ സഹായിക്കാൻ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ട് ഫലം ചെയ്യുന്നില്ലെന്ന് പരാതി. മൂന്ന് മാസമായി കർഷകരിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നില്ല. റബറിന്റെ കുറഞ്ഞ വില 150 രൂപയിലെത്തിക്കാൻ നടപ്പാക്കിയ പദ്ധതിയാണ് ഇഴയുന്നത്. റബർ ഉത്പാദക സംഘങ്ങൾ വഴി നടപ്പാക്കിയ പദ്ധതി പ്രകാരം കർഷകർ അപേക്ഷയും ബില്ലുമായി എത്തുമ്പോൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. നെടുമങ്ങാട് താലൂക്കിൽ മുപ്പതിലേറെ റബർ ഉത്പാദക സംഘങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചിലത് മാത്രമാണ് കാര്യക്ഷമായി പ്രവർത്തിക്കുന്നത്. പൊതുമാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിലയോടൊപ്പം ഒരു കിലോ റബറിന് 150 രൂപ കിട്ടാൻ വേണ്ടുന്ന ശേഷിക്കുന്ന തുക സർക്കാർ അനുവദിക്കുന്നതായിരുന്നു വിലസ്ഥിരതാ പദ്ധതി. ഇതിനായി വിലസ്ഥിരതാ ഫണ്ടെന്ന പേരിൽ സർക്കാർ പണം മാറ്റിവച്ചിട്ടുണ്ട്. റബർ ഉത്പാദക സംഘങ്ങളിൽ പേര് രജിസ്റ്റർ ചെയ്ത കർഷകർ തങ്ങളുടെ റബർ വില്പന നടത്തിയ ബില്ലടക്കമുള്ള അപേക്ഷ ആർ.പി.എസിൽ നൽകണമെന്നതായിരുന്നു നിബന്ധന. ഓരോ മാസത്തിന് ശേഷവും ഇതുപോലെ നൽകുന്ന ബില്ല് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് അർഹമായ തുക സർക്കാർ ഫണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ട്‌ വഴിയാണ് കർഷകന് നൽകിയിരുന്നത്. എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി ഈ പദ്ധതിപ്രകാരം ആനുകൂല്യത്തിനായി കർഷകർ നൽകുന്ന അപേക്ഷ ആർ.പി.എസ് വഴി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പദ്ധതിയുടെ ആനുകൂല്യം കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഏറ്റവും ഒടുവിൽ സെപ്തംബറിലാണ് അപേക്ഷകൾ സ്വീകരിച്ചത് . ക്രിസ്മസ്- പുതുവത്സര വേളയിൽ കർഷകരും ടാപ്പിംഗ് തൊഴിലാളികളും ന്യായ വില ലഭിക്കാതെ വലയുകയായിരുന്നു.109 മുതൽ 120 രൂപ വരെയാണ് നിലവിൽ റബറിന്റെ വില. റബറിനെ മാത്രം ആശ്രയിച്ചു ഉപജീവനം നയിക്കുന്നവർക്ക് ഈ തുക പര്യാപ്തമല്ലെന്ന് കർഷകർ പറയുന്നു.