ശ്രീകാര്യം: കഴിഞ്ഞ മഴക്കാലത്ത് തകർന്ന ചെമ്പഴന്തി - ചാരിയോട്ടുകുളം റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായി. പുനർനിർമ്മാണം വൈകുന്നതിൽ ഏറെ ആശങ്കയിലാണ് നാട്ടുകാർ. തകർന്നുകിടക്കുന്ന റോഡുവക്കിലെ പോസ്റ്റുകൾ ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലാണ്. കാൽനടയാത്ര പോലും ദുഃസഹമായ റോഡിൽ ആറുമാസത്തിലേറെയായി വാഹനങ്ങൾ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇക്കഴിഞ്ഞ മഴക്കാലത്ത് കുളത്തിനോട് ചേർന്ന റോഡ് ഭാഗം കുളത്തിന്റെ പാർശ്വഭിത്തിയോടെ പൂർണമായും ഇടിഞ്ഞുതാഴ്ന്നു. ചെമ്പഴന്തി വിളയിൽ ക്ഷേത്രത്തിനോട് ചേർന്നുള്ള റോഡ് വഴി എളുപ്പത്തിൽ ശ്രീകാര്യം -ഗാന്ധിപുരം റോഡിലേക്ക് എത്തിച്ചേരാൻ കഴിയുന്ന റോഡായതിനാൽ നിത്യേന നൂറുകണക്കിന് യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിച്ചിരുന്നത്. ചെമ്പഴന്തി ചാരിയോട്ടുകോണം കുളത്തിന് സമീപത്തെ റോഡിന്റെ ഭാഗമാണ് ഒരു വശത്തെ കൈവരി സഹിതം കുളത്തിലേക്ക് ഇടിഞ്ഞുതാണത്. വർഷങ്ങൾക്ക് മുമ്പ് കുളം നവീകരണ പദ്ധതി പ്രകാരം ലക്ഷങ്ങൾ മുടക്കി കുളവും പാർശ്വഭിത്തികളും നവീകരിച്ചിരുന്നെങ്കിലും നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.