cm

തിരുവനന്തപുരം: തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കാൻ പൊലീസ്. മുഖ്യമന്ത്റി പങ്കെടുക്കുന്ന പൊതു പരിപാടികളിലും യാത്രകളിലും 200 മീ​റ്റർ അകലത്തിൽ പൊതുജനങ്ങളെ മാ​റ്റി നിറുത്തുന്ന സുരക്ഷാ ക്രമീകരണമാണ് പൊലീസ് ഒരുക്കുന്നത്. വി.വി.ഐ.പികളുടേതു പോലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോവുമ്പോൾ ചെറു റോഡുകൾ അടയ്ക്കണമെന്നും ശുപാർശയുണ്ട്. നിലവിൽ ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. എപ്പോഴും 28 കമാൻഡോകളാകും സുരക്ഷയൊരുക്കുക.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്റിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കൂട്ടുന്നത്. ഇപ്പോൾ മുഖ്യമന്ത്റി പോകുന്ന വഴികളിൽ മറ്റു വാഹനങ്ങൾ തടയുന്നുണ്ട്. വാഹനവ്യൂഹത്തിലെ പൊലീസ് വാഹനങ്ങളുടെയും സുരക്ഷാചുമതലയുള്ള പൊലീസുകാരുടെയും എണ്ണം കൂട്ടണമെന്നും ശുപാർശയുണ്ട്. മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടിക്ക് ഇസഡ് കാ​റ്റഗറി സുരക്ഷ ശുപാർശ ചെയ്തിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഒഴിവാക്കാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. കണ്ണൂരിലെ പൊതു പരിപാടിക്കിടയിൽ ഉമ്മൻചാണ്ടിക്കു നേരെ കല്ലേറുണ്ടാകുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്റിയെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളെ വാഹനവ്യൂഹം ഇടിച്ചു വീഴ്‌ത്തിയതും സെക്രട്ടേറിയ​റ്റിലെ മുഖ്യമന്ത്റിയുടെ ഓഫീസിനടുത്തു വരെ മഹിളാമോർച്ച നേതാക്കളെത്തി പ്രതിഷേധിച്ചതും സുരക്ഷാ വീഴ്ചയാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.