syllabus

തിരുവനന്തപുരം : ബിരുദ കോഴ്സുകളുടെ സിലബസ് രണ്ടുവർഷത്തിലൊരിക്കൽ പരിഷ്‌കരിക്കണമെന്ന് സർവകലാശാലകൾക്ക് മന്ത്രി കെ.ടി. ജലീൽ നിർദ്ദേശം നൽകി. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ മൂന്നു വർഷവും എൻജിനിയറിംഗിന് നാലുവർഷം കൂടുമ്പോൾ സിലബസ് പരിഷ്‌കരിക്കണം. കേരള സർവകലാശാലയിൽ വിളിച്ചുചേർത്ത വൈസ്ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പരീക്ഷ കഴിഞ്ഞ് ആറുമാസത്തിനകം സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാക്കണം. വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാനും ഓൺലൈൻ സംവിധാനമൊരുക്കണം. സർക്കാരിന്റെ സാമ്പത്തികസഹായമുള്ള എയ്ഡഡ് കോളേജുകൾ ഇനിമുതൽ ഗവ. എയ്ഡഡ് കോളേജ് എന്നറിയപ്പെടണം. ഇതിന് സർക്കാർ കോളേജുകളുടെ തുല്യപരിഗണന നൽകും. സർവകലാശാലകൾ വിദൂരവിദ്യാഭ്യാസം ശക്തിപ്പെടുത്തണം.

പരീക്ഷ കൃത്യസമയത്ത് നടത്തണം. മാറ്രിവച്ചാൽ തൊട്ടടുത്ത ശനി, ഞായർ ദിവസങ്ങളിൽ പരീക്ഷ നടത്താം. സ്വയംഭരണ കോളേജുകളുടെ പ്രവർത്തനം വിലയിരുത്താൻ സ്ഥിരം സംവിധാനമുണ്ടാക്കും. ഇതിനായി ആട്ടോണമി അപ്രൂവർ കമ്മി​റ്റി 16ന് ചേരും. അഫിലിയേ​റ്റഡ് കോളേജുകളിൽ അധികഫീസ് ഈടാക്കുന്നത് തടയണം - മന്ത്രി നിർദ്ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഉഷാ ടൈ​റ്റസ്, ഉന്നത വിദ്യാഭ്യാസകൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ, കേരള, കണ്ണൂർ, കാലിക്ക​റ്റ്, മലയാളം, സംസ്‌കൃതം, എം.ജി, നിയമം, കുസാ​റ്റ്, സാങ്കേതികം സർവകലാശാലകളുടെ വൈസ്ചാൻസലർമാർ പങ്കെടുത്തു. അടുത്തയോഗം ഏപ്രിൽ അഞ്ചിന് കാലിക്കറ്റ് സർവകലാശാലയിൽ ചേരും. കെ.ടി. ജലീൽ ചുമതലയേ​റ്റശേഷം വി.സിമാരുടെ രണ്ടാംയോഗമായിരുന്നു ഇന്നലെ നടന്നത്.

മറ്റ് തീരുമാനങ്ങൾ

വിദ്യാർത്ഥികളും അദ്ധ്യാപകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദാലത്തുകൾ

സർവകലാശാലകളിൽ ഇന്റർ ഡിസിപ്ലിനറി കോഴ്‌സുകൾ തുടങ്ങണം

പരീക്ഷാ നടത്തിപ്പിലെ കാലതാമസം ഇല്ലാതാക്കാൻ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കണം

വിദേശ സർവകലാശാലകളുമായി ചേർന്ന് ക്രെഡി​റ്റ് ട്രാൻസ്‌ഫറോ ഡ്യുവൽഡിഗ്രി പ്രോഗ്രാമുകളോ തുടങ്ങാം

ഫെലോഷിപ്പുകൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം