തിരുവനന്തപുരം: ഒരു സമുദായ സംഘടനയുടെ കാർമ്മികത്വത്തിൽ പുതിയ കേരള കോൺഗ്രസ് രൂപീകരിക്കാനാണോ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. ശബരിമല യുവതീപ്രവേശന വിധിയെ പിന്തുണച്ച കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിച്ചാണ് ഇവിടെ കെ.പി.സി.സിയും പ്രതിപക്ഷനേതാവും പ്രവർത്തിക്കുന്നത്. യുവതീപ്രവേശന വിഷയത്തിൽ തുടക്കം മുതൽ ഒരേ നിലപാടാണ് എൻ.എസ്.എസിന്. എൻ.എസ്.എസിന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കണോയെന്ന് ചെന്നിത്തല സ്വയം ആലോചിക്കണമെന്നും സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റിന് ശേഷം വാർത്താസമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി ജനിച്ച സമുദായത്തിന്റെ പേര് പറഞ്ഞ് പ്രചാരവേല നടത്തുമ്പോൾ തകർന്നടിഞ്ഞ ജാതിചിന്ത തിരിച്ചെത്തിക്കുന്ന നിലപാടിനെ എതിർക്കണ്ടേയെന്ന് എൻ.എസ്.എസും ചിന്തിക്കണം. വനിതാമതിലിന് ശേഷമുണ്ടായ സംഭവങ്ങൾ പരിശോധിച്ചാൽ ബി.ജെ.പി, കോൺഗ്രസ് നിലപാടുകളെ സമൂഹം തള്ളിക്കളയുന്ന നിലയാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഡൽഹിയിൽ കോൺഗ്രസ് എം.പിമാർ കറുത്ത ബാഡ്ജ് വിതരണം ചെയ്യുന്നതിനെ സോണിയാഗാന്ധി വിലക്കിയത്. കോൺഗ്രസ് അഖിലേന്ത്യാനേതൃത്വം നിലകൊള്ളുന്നത് ലിംഗസമത്വത്തിനായാണ്. കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിയത് പുതിയ വഴിത്തിരിവാണ്.
ശബരിമലയിൽ ഭക്തർക്ക് സംരക്ഷണമൊരുക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് വി. മുരളീധരൻ പരസ്യമായി പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള എം.പിയാണെങ്കിലും കേരളക്കാരനായ മുരളീധരന്റെ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്. ഇത് ബി.ജെ.പി പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു. ഈ സാഹചര്യത്തിൽ സമരപരിപാടി ഉപേക്ഷിക്കുന്നതാണ് സംഘപരിവാറിന് നല്ലത്.
കേരളത്തിൽ കലാപമുണ്ടാക്കാൻ സി.പി.എമ്മിനെ ദുർബലപ്പെടുത്തണം. അതിനായാണ് പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത്. പൊലീസും ജനങ്ങളും ആത്മസംയമനം പാലിച്ചതിനാൽ കൂടുതൽ സംഘർഷങ്ങളൊഴിവായി. സമാധാന പുനഃസ്ഥാപനത്തിനായി സി.പി.എം പ്രവർത്തകർ മുൻകൈയെടുക്കണം.
രണ്ടാം വിമോചനസമരത്തിന് ഹിന്ദു ഐക്യവേദി നേതാവ് ആഹ്വാനം ചെയ്തു. അതിനെ കൂട്ടുപിടിച്ച് ഇടതുപക്ഷ ധ്രുവീകരണമുണ്ടാക്കാനാണ് യു.ഡി.എഫ് നീക്കം. വിശ്വാസത്തിന്റെ പേര് പറഞ്ഞ് 91ലെ പോലെ കോൺഗ്രസും ലീഗും ബി.ജെ.പിയുമായി യോജിക്കാൻ പോകുന്നു. അത് മനസിലാക്കി മതനിരപേക്ഷ മനസുള്ള കോൺഗ്രസുകാർ സോണിയയുടെയും രാഹുലിന്റെയും നിലപാടുയർത്തിപ്പിടിച്ച് മുന്നോട്ടുവരണം. അവരെ ഇടതുപക്ഷം പ്രോത്സാഹിപ്പിക്കും. ഇടതുമുന്നണി മുന്നോട്ടുവച്ച നവോത്ഥാനമൂല്യ സംരക്ഷണ നിലപാടുകളെ കൂടുതൽ പേർ പിന്തുണയ്ക്കുന്ന നിലയാണ്. ഇതിന്റെ തുടർ പ്രചാരണപരിപാടികൾ വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യയോഗം 17ന് ചർച്ച ചെയ്ത് തീരുമാനിക്കും.