protest
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ച് ശബരിമലകർമ്മ സമിതി സംസ്‌ഥാന വ്യാപകമായ് നടത്തിയ ഹർത്താൽ ദിനത്തിൽ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത ശേഷം മടങ്ങിയ പ്രവർത്തകനെ പൊലീസ് ജി.പി.ഒ ജംഗ്‌ഷനിൽ വെച്ച് പിടികൂടി ജീപ്പിൽ കയറ്റുന്നു.

കണ്ണൂർ പുതിയതെരുവിൽ ബി.ജെ.പി ഓഫീസിനു നേരെ ഒരു സംഘം പെട്രോൾ ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഓഫീസിനു തീപിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു. കാസർകോട് മഞ്ചേശ്വരത്ത് പോപ്പുലർ ഫ്രണ്ട് ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു.

പത്തനംതിട്ട അടൂരിൽ ഹർത്താൽ ദിനത്തിലെ ബി.ജെ.പി- സി.പി.എം സംഘർഷങ്ങൾക്കു പിന്നാലെ അന്നു രാത്രി സി.പി.എം നേതാവിന്റെത് ഉൾപ്പെടെ ആറും, ബി.ജെ.പി അനുഭാവികളുടെ എട്ടും വീടുകൾ ആക്രമണത്തിന് ഇരയായി. മൊബൈൽ കടയിലേക്ക് സ്പോടകവസ്തു എറിഞ്ഞ സംഭവത്തിൽ കടഉടമ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. വിവിധ കേസുകളിൽ 11 ബി.ജെ.പിക്കാർ അറസ്റ്റിലായി.

തിരുവനന്തപുരത്ത് നെടുമങ്ങാട്ടും നെയ്യാറ്റിൻകരയിലുമാണ് അക്രമമുണ്ടായത്. നെടുമങ്ങാട് നഗരസഭാ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായരുടേത് ഉൾപ്പെടെ അഞ്ചു വീടുകൾ തകർത്തു. നെയ്യാറ്റിൻകരയിൽ സി.പി.എം ഏരിയാ കമ്മിറ്രി ഓഫീസിനു നേരെ പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു. മലയിൻകീഴ് ബി.എസ്.എൻ.എല്ലിന് സമീപം സ്വകാര്യ സ്കൂൾ വളപ്പിൽ നിന്ന് മൂന്ന് ബോംബുകൾ പൊലീസ് കണ്ടെടുത്തു. ഇവ പിന്നീട് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.

ബുധനാഴ്ചയും വ്യാഴാഴ്ചയും പകൽ മുഴുവൻ തെരുവുയുദ്ധം നടന്ന സെക്രട്ടേറിയറ്ര് പരിസരം ഇന്നലെ ശന്തമായിരുന്നു. രാവിലെ എസ്.ഡി.പി.ഐയും പിന്നാലെ എഫ്.എസ്.ഇ.ടി .ഒ.യും പ്രതിഷേധ പ്രകടനവുമായി എത്തിയെങ്കിലും ബി.ജെ.പിയുടെ സമരപ്പന്തലിന് സമീപം എത്താതെ പൊലീസ് വഴി തിരിച്ചുവിട്ടു. നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ജില്ലാ കളക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞ നാളെ വരെ തുടരും