chennithala

തിരുവനന്തപുരം: ബി.ജെ.പി - ആർ.എസ്.എസ് അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു. മാദ്ധ്യമപ്രവർത്തകരെ പോലും വേട്ടയാടി. ഒരു ഭാഗത്ത് ആർ.എസ്.എസും ബി.ജെ.പിയും കലാപം അഴിച്ചുവിടുമ്പോൾ മറുഭാഗത്ത് സി.പി.എമ്മും അക്രമങ്ങൾക്ക് നേതൃത്വം കൊടുത്തു. ഇത് നിയന്ത്രിക്കുന്നതിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. എസ്.പിമാരെയല്ല ഡി.ജി.പി വിരട്ടേണ്ടത്. കാരണം ഇവിടെ പരാജയപ്പെട്ടത് ഡി.ജി.പിയാണ്. മുഖ്യമന്ത്രി ഡി.ജി.പിയെ ശാസിക്കണം. തികഞ്ഞ അരാജകത്വമാണ് കുറേദിവസങ്ങളായി കേരളത്തിൽ എന്നതിനാലാണ് താൻ കഴിഞ്ഞ ദിവസം ഗവർണറെ ആശങ്ക അറിയിച്ചത്.

എം.പിമാരെ വിലക്കിയിട്ടില്ല

ശബരിമല വിഷയം പാർലമെന്റിൽ ഉന്നയിക്കുന്നതിൽ നിന്ന് കേരളത്തിലെ കോൺഗ്രസ് എം.പിമാരെ സോണിയാ ഗാന്ധി വിലക്കിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. സി.പി.എമ്മിലെ ചില കേന്ദ്രങ്ങൾ ഡൽഹി ഇന്ത്യൻ എക്സ്‌പ്രസിൽ കൊടുത്ത വാർത്തയാണിത്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോദ്ധ്യമുണ്ട്.