hartal

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ ഇന്നലെ വൈകിട്ടു വരെ 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തു. 1009 പേരെ കരുതൽ തടങ്കലിലാക്കി. അക്രമികളെ പിടികൂടാൻ പൊലീസ് ആരംഭിച്ച 'ബ്രോക്കൺ വിൻഡോ' പ്രത്യേക ദൗത്യത്തിൽ അറസ്റ്റും റെയ്ഡും തുടരുകയാണ്.

അക്രമങ്ങളിൽ 135 പൊലീസുദ്യോഗസ്ഥർക്കും 129 നാട്ടുകാർക്കും 10 മാദ്ധ്യമപ്രവർത്തകർക്കും പരിക്കേറ്റു. തിരുവനന്തപുരം റൂറൽ പൊലീസ് ജില്ലയിൽ 26ഉം പാലക്കാട്ട് 24ഉം മലപ്പുറത്ത് 13 ഉം കൊല്ലം റൂറൽ, കോഴിക്കോട് സി​റ്റി എന്നിവിടങ്ങളിൽ 12 ഉം പൊലീസുകാർക്ക് പരിക്കേ​റ്റു. പത്തനംതിട്ടയിൽ 18ഉം കൊല്ലം സി​റ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ 17ഉം ആളുകൾക്ക് പരിക്കേ​റ്റു. കാസർകോട്ട് നാലും തൃശൂർ റൂറൽ, കൊല്ലം സി​റ്റി, തിരുവനന്തപുരം സി​റ്റി എന്നിവിടങ്ങളിൽ രണ്ടും വീതവും മാദ്ധ്യമപ്രവർത്തകർക്കും പരിക്കേ​റ്റിട്ടുണ്ട്.

അക്രമം അമർച്ച ചെയ്യാൻ എല്ലാ നടപടിയും പൊലീസ് കൈക്കൊണ്ടിട്ടുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. മുഴുവൻ അക്രമികളെയും പിടികൂടും വരെ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ തുടരും. ഇതിനായി ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് അക്രമികളുടെ ലിസ്​റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറും. അറസ്റ്റിലാകുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധിക്കും. ആയുധങ്ങൾ കണ്ടെത്താൻ ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നുണ്ട്. അക്രമികളുടെ ഫോട്ടോ ആൽബം തയ്യാറാക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ഡിജി​റ്റൽ ടീമിന് രൂപം നൽകി. ഈ ആൽബം പ്രത്യേക സംഘത്തിന് നൽകും.