sammelanan

കിളിമാനൂർ: നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ സ്ത്രീകൾ നേടിയെടുത്ത അവകാശങ്ങൾ ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചു. അവരെ നൂലിൽ കെട്ടി ഇറക്കിയതല്ല, പതിനായിരക്കണക്കിന് ഭക്തർക്കിടയിലൂടെ സമാധാനത്തോടെ അയ്യപ്പനെ കണ്ട് തിരിച്ചിറങ്ങിയതാണെന്നും കൊടുവഴന്നൂർ പൊയ്കക്കടയിൽ സി.പി.എം യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയിൽ അധിഷ്ഠിതമായ സർക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് മനപ്പായസമുണ്ണുന്ന ചിലർ ഇവിടെയുണ്ട്. അതിന് ശേഷിയുള്ളവരേ അത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കാവൂ. പണത്തിന്റെ പിൻബലത്തിൽ എന്നും എന്തെങ്കിലും കാട്ടിക്കൂട്ടാം എന്നുവച്ചാൽ നടക്കില്ല.വർഷങ്ങൾക്കു മുമ്പ് ശബരിമലയിൽ സിനിമാ ഷൂട്ടിംഗ്, ഡാൻസ്, ചോറൂണ് എന്നിവയ്ക്ക് സ്ത്രീകൾ പ്രവേശിച്ചിരുന്നതായി കുമ്മനം രാജശേഖരൻ തന്നെ കോടതിയിൽ കൊടുത്ത രേഖകളിലുണ്ട്.

മൗലികാവകാശങ്ങൾ സംരക്ഷിക്കാനേ സർക്കാർ ശ്രമിച്ചിട്ടുള്ളൂ. ശബരിമലയിലെ കോടതി വിധി എല്ലാ പൗരൻമാർക്കും തുല്യാവകാശം എന്നതിന്റെ അടിസ്ഥാനത്തിലാണ്. സമാധാനം നിലനിൽക്കുന്ന ശബരിമലയെ സംഘർഷ ഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങൾ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതിനല്ല, വനിതാമതിലിൽ അമ്പത്തഞ്ച് ലക്ഷത്തോളം സ്ത്രീകളെ അണിനിരത്തിയതിലുള്ള അസഹിഷ്ണുതയാണന്നും പിണറായി പറഞ്ഞു.