പാലോട്: വീട്ടുമുറ്റത്തെ ഇത്തിരി പോന്ന ചാക്കിൽ ഷാജി വിളയിച്ച ഏത്തക്കുലയും പപ്പായയും ആരെയും അതിശയിപ്പിക്കും. മണ്ണിലെ കൃഷിയെ നാണിപ്പിക്കുന്ന തരത്തിൽ എത്ത വാഴ കുലച്ചു നില്ക്കുകയാണ്. നന്ദിയോട് പുലിയൂർ സ്വദേശിയായ ആട്ടോ ഡ്രൈവർ ഷാജിയുടെ വീട്ടുമുറ്റത്താണ് കൗതുകം. അഞ്ച് മാസം മുൻപ് വിത്തിട്ട റെഡ് ലേഡി ഇനത്തിലെ പപ്പായ കൺനിറഞ്ഞ് കണ്ടോ എന്ന രീതിയിൽ ചാക്കിൽ കായ്ച്ച് നില്ക്കുകയാണ്. ചക്കയും ബയർ ആപ്പിളും നാരകവും ഓറഞ്ചുമെല്ലാം ഷാജി ഈ വിധത്തിൽ ചാക്കിൽ വിളയിച്ചിട്ടുണ്ട്. ഇതിനകം രണ്ട് വാഴക്കുലകളും നാല് പപ്പങ്ങയും വിളവെടുത്തു കഴിഞ്ഞു. നന്ദിയോട് കൃഷി ഓഫീസർ എസ്. ജയകുമാറും കൃഷിഭവൻ ജീവനക്കാരും ഷാജിയുടെ വീട്ടുമുറ്റത്തെ കൗതുക കൃഷി കാണാൻ എത്തിയിരുന്നു. വീട്ടമ്മമാർക്ക് മാതൃകയാക്കാവുന്ന രീതിയാണ് ഇതെന്ന് കൃഷിഭവൻ ജീവനക്കാർ പറഞ്ഞു.