gold

തിരുവനന്തപുരം : ദുബായിൽ നിന്ന് കടത്താൻ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർകസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ എയർഇന്ത്യാ എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കാസർകോട് കാഞ്ഞങ്ങാട് കോട്ടപ്പുറം സ്വദേശി ബഷീർ അഹമ്മദിൽ നിന്നാണ് 1.1കിലോ സ്വർണം പിടിച്ചത്

10 കട്ടിംഗ് ചെയിനുകളാക്കി അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് ഈന്തപ്പഴ പാക്ക​റ്റുകളിലാക്കി ലഗേജിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സ്‌കാനിംഗിനിടെ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ലഗേജിൽ അടയാളമിട്ട് കാത്തുനിന്നു. ബാഗേജ് എടുത്തയുടൻ ബഷീർ അഹമ്മദിനെ കസ്റ്റഡിയിലെടുത്തു. എയർകസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്‌ണേന്ദു രാജ മിന്റിയൂവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ശ്രീകുമാർ, ബൈജു, ആൻസി, ഇൻസ്‌പെക്ടർമാരായ സുനിൽനഗർ, പ്രമോദ് എന്നിവരാണ് സ്വർണം പിടിച്ചത്.