വണ്ടിപ്പെരിയാർ: മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറയിലും പുല്ലുമേട്ടിലും സുരക്ഷയ്ക്കായി ബാരിക്കേഡ് നിർമിക്കാനും അമ്പതോളം ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ജലവിഭവ വകുപ്പ് കോഴിക്കാനം മുതൽ പുല്ലുമേട് വരെയുള്ള ഓരോ ഒരു കിലോമീറ്റർ ദൂരത്തിലും കുടിവെള്ള ടാങ്ക് സ്ഥാപിക്കും. കോഴിക്കാനം കുമളി റൂട്ടിൽ ഭക്തർക്കായി അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. ഭക്തർ കുടുതൽ എത്തുന്ന വിവിധ സ്ഥലങ്ങളിൽ ശൗചാലയങ്ങൾ നിർമ്മിക്കും. വാഹന പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തും. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ആളുകൾ സത്രം വഴി സന്നിധാനത്തിലേക്ക് പോകാൻ എത്തുമെന്നാണ് കരുതുന്നത്.
പുല്ലുമേട്ടിൽ താത്കാലികമായി മൊബെൽ റേഞ്ച് എർപ്പെടുത്തും. കുമളി, വണ്ടിപ്പെരിയാർ, ടൗണിലെ വാഹനത്തിരക്ക് ഒഴിവാക്കാൻ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും. ശൗചാലയങ്ങൾ മകരവിളക്കിന് പിറ്റേ ദിവസം തന്നെ പൊളിച്ചുമാറ്റുന്നത് പഞ്ചായത്തിന് വലിയ നഷ്ടം ഉണ്ടാകുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് യോഗത്തിൽ പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ യോഗത്തിന് വിളിച്ചില്ലെന്നും ആക്ഷേപമുയർന്നു. ഇതിന് മുമ്പ് മൂന്ന് യോഗങ്ങൾ ജില്ലാ കളക്ടർ ഓഫീസിലാണ് നടന്നത്.
അവസാനഘട്ട അവലോകനയോഗമാണ് വണ്ടിപെരിയാർ പഞ്ചായത്ത് ഹാളിൽ നടന്നത്. ദേവസ്വം സ്പെഷ്യൽ കമ്മിഷണർ ജസ്റ്റിസ് മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.ടി.ഒ രാധാകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.