കൊച്ചി: ഓസ്‌ട്രേലിയയിൽ വിസ വാഗ്ദാനം ചെയ്ത് 400ൽ പരം ഉദ്യോഗാർത്ഥികളിൽ നിന്നും 10 കോടിയോളം രൂപ തട്ടിയ കേസിൽ കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കുന്നു. കേസിൽ പാലക്കാട് സ്വേദേശികളായ രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. ഇവരുടെ ഒളിസങ്കേതത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം, കേസിൽ എറണാകുളം നോർത്ത് പൊലിസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതിയടക്കമുള്ളവരെ കോടതി റിമാൻഡ് ചെയ്തു. ഒ.ബി.ഒ.ഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്‌മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ കോഴിക്കോട് തത്തമംഗലം സ്വദേശി അരുൺദാസ് (28), ഡയറക്ടർ പാലക്കാട് മങ്കര സ്വദേശിനി ചിത്ര.സി. നായർ (26), സി.ഇ.ഒ കോയമ്പത്തൂർ വളവടി സ്വദേശി ശാസ്തകുമാർ (46) മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കണ്ണൂർ മട്ടന്നൂർ എളമ്പാല സ്വദേശി വിഷ്ണു (24) എന്നിവരാണ് അഴിക്കുള്ളിലായത്.
പള്ളുരുത്തി സ്വദേശി എബിൻ എബ്രഹാം, പട്ടിമറ്റം സ്വദേശി മിഞ്ചിൻ ജോൺ തുടങ്ങിയ ആറുപേരിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെന്ന് പരാതിയിലാണ് നാലംഗ സംഘം പിടിയിലായത്.
കോയമ്പത്തൂർ പീളമേടിലും, കലൂർ ദേശാഭിമാനി ജംഗ്ഷനിലും, ബംഗളൂരു എം.ജി. റോഡിലും ഒബി.ഒ.ഇ ഓവർസീസ് എഡ്യൂക്കേഷൻ പ്ലേസ്‌മെന്റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാതിരുന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ സ്ഥാപനത്തിന്റെ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ കോയമ്പത്തൂരിലെ കോർപ്പറേറ്റ് ഓഫീസിൽ എത്തി പണം ആവശ്യപ്പെട്ടങ്കിലും മൂന്ന് മാസത്തിനുള്ളിൽ പണം തിരികെ നൽകാം എന്ന് കരാർ ഒപ്പിട്ട് തിരിച്ചയക്കുകയായിരുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നതിനെ തുടർന്ന് ഓഫീസിനെ സമീപിച്ചെങ്കിലും ഇവർ ഓഫീസിൽ പ്രവേശിക്കാതിരിക്കാൻ കമ്പനി കോടതിയിൽ നിന്നും ഉത്തരവ് വാങ്ങുകയായിരുന്നു. തുടർന്നാണ് ഇവർ നോർത്ത് പൊലീസിൽ പരാതി നൽകിയത്. അസിസ്റ്റന്റ് കമ്മിഷണർ ലാൽജി, നോർത്ത് സി.ഐ കെ.ജെ. പീറ്റർ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.അനസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ശ്രീകുമാർ, എസ്.സി.പി.ഒ മാരായ വിനോദ് കൃഷ്ണ, റെക്‌സിൻ പൊടുത്താസ്, സി.പി.ഒ അജിലേഷ് ഡബ്ല്യു.സി.പി.ഒ സരിത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
അദ്യം വിഷ്ണുവിനെ പൊക്കി
പലതവണ പൊലീസ് പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിൽ മാറിമാറി സഞ്ചരിച്ചിരുന്ന ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ വിഷ്ണു വീട്ടിൽ എത്തിയ വിവരം അറിഞ്ഞ് നോർത്ത് പൊലീസ് മട്ടന്നൂർ പൊലീസിന്റെ സഹായത്തോടെ ആദ്യം വിഷ്ണുവിനെയും പിന്നീട് കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അരുൺദാസിനെയും ചിത്രയെയും ഒരു രാത്രി മുഴുവൻ അവരുടെ താമസ സ്ഥലത്തിന് സമീപം മഫ്തിയിൽ എത്തി പിടികൂടുകയായിരുന്നു. തുടർന്നാണ് ശാസ്തയെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് തടയാൻ തമിഴ്‌നാട് പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.