കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം വക കാണിക്കമണ്ഡപത്തിന്റെ ചില്ല് തകർത്ത് മോഷണം. മണ്ഡപത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന വെള്ളി മാല നഷ്ടമായി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. എം.സി റോഡിൽ റെയിൽവേ മേൽപാലത്തിന് സമീപമാണ് കാണിക്കമണ്ഡപം. മണ്ഡപത്തിന്റെ ചില്ല് കല്ല് ഉപയോഗിച്ച് തകർത്താണ് മാല അപഹരിച്ചത്.
ചില്ല് തകർക്കാൻ ഉപയോഗിച്ച കല്ല് മണ്ഡപത്തിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പ്രദേശവാസികളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മണ്ഡലത്തിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിലെ പണം നഷ്ടമായിട്ടില്ല. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന ഇന്ന് നടത്തും. ഗാന്ധിനഗർ പൊലീസിനാണ് അന്വേഷണചുമതല.