വൈക്കം: ഉല്ലല തലയാഴം സ്‌കൂളിന് സമീപത്തെ ചായക്കട കത്തിനശിച്ചു. പാത്രങ്ങളും ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണമായും അഗ്നിക്കിരയായി. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഉല്ലല ഷാജിലാ മൻസിൽ ഷാജി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയാണ് കത്തിനശിച്ചത്. നാല് ഗ്യാസ് സിലിണ്ടറുകൾ കടയിൽ സൂക്ഷിച്ചിരുന്നു. ഇതിലൊന്ന് കത്തിയമർന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്ന് രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. കടയിലുണ്ടായിരുന്ന മറ്റ് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീ ആളിപ്പടർന്നതോടെ മേൽക്കൂരയും നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വൈക്കം പൊലീസും സ്ഥലത്തെത്തിയിരുന്നു.