കൊച്ചി: രണ്ട് കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. വടകര കുറ്റിയാടി വിലങ്ങുപാറ വീട്ടിൽ ടൈസൺ പോൾ (19) ആണ് അഴിക്കുള്ളിലായത്. അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തിലെ പ്രധാനിയാണ് ടൈസൺ. ഇന്നലെ ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്കുള്ള ബസിൽ ഇടപ്പള്ളിയിലെത്തിയപ്പോഴാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്.
തോളിൽ തൂക്കിയിടുന്ന ബാഗിൽ സെല്ലോ ടേപ്പ് ഒട്ടിച്ചു ഭദ്രമായി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്.
മണം അറിയാതിരിക്കാൻ ഇയാൾ ദേഹത്ത് ബോഡി സ്‌പ്രേ അടിച്ചിരുന്നു. ബംഗളൂരുവിലുള്ള ഏജന്റിന്റെ നിർദ്ദേശപ്രകാരം കൊച്ചിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടു വന്നതാണെന്നു ടൈസൺ പോൾ മൊഴി നൽകി. കൊച്ചിയിലെ ഇടനിലക്കാരന്റെ ഫോൺ നമ്പർ പ്രതിയുടെ കൈവശമുണ്ടെങ്കിലും ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സുരക്ഷിതമായി കഞ്ചാവ് കൈമാറുമ്പോൾ 5,000 രൂപയാണ് ടൈസൺ പോളിന് കിട്ടുന്ന കമ്മിഷൻ. ബംഗളൂരുവിൽ കിലോയ്ക്കു 6,000 രൂപയാണ് വില. കേരളത്തിൽ 18,000 രൂപ ഈടാക്കും. ഇതിൽ നിന്നാണു കമ്മിഷൻ എടുക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന ടൂറിസ്റ്റ് ബസുകളിൽ ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി നേരത്തേ സ്ഥിരീകരിച്ചിരുന്നു. എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി.ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ജി.കൃഷ്ണകുമാർ, എ.എസ്.ഐമാരായ വി.അനിൽകുമാർ, ഷാജി മാത്തച്ചൻ, പ്രിവന്റീവ് ഓഫിസർ അജയ്കുമാർ, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.