സംഭവം വളരെ മുമ്പുണ്ടായതാണ്. ഒരിക്കൽ അവിചാരിതമായ ഒരു ക്ഷണക്കത്ത് എനിക്കു വന്നു. ആർക്കിടെക്‌റ്റുകളുടെ ഒരു സെമിനാറിൽ സംബന്ധിക്കണം. ഞാനൊരു ആർക്കിടെക്റ്റല്ല. വളരെ ചെറുപ്പത്തിൽ എൻജിനിയറിംഗിന്റെ അടിസ്ഥാന പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്നു മാത്രം. അങ്ങനെയുള്ള എന്നെ ഈ സെമിനാറിൽ വിളിക്കാൻ തോന്നിയത് എന്തുകൊണ്ടെന്ന് ഞാൻ അത്ഭുതപ്പെട്ടു.
ക്ഷണം ഞാൻ സ്വീകരിച്ചു. പിന്നെ ആലോചനയായി, അവിടെ പോയി എന്തു പറയണമെന്ന്. എന്നെ ക്ഷണിച്ച ആർക്കിടെക്റ്റ് എനിക്കുവേണ്ടി ഡിസൈൻ ചെയ്തുതന്ന ഒരു കോട്ടേജിനെ വച്ചുകൊണ്ട് എന്തെങ്കിലും പറയാമെന്നു തീരുമാനിച്ചു.
തയ്യാറാക്കിയ പ്രബന്ധത്തിൽ ഞാൻ ഇങ്ങനെയെഴുതി, ''എനിക്കു വേണ്ടി ഉണ്ടാക്കിയ കോട്ടേജിനുള്ളിലേക്കു കടക്കുമ്പോൾ എനിക്കു തോന്നിപ്പോകുന്നത് ഞാൻ എന്റെ ഉള്ളിലേക്കു തന്നെ കടക്കുന്നതായിട്ടാണ്." അതായത്, എന്റെ മാനസികഭാവം ഉൾക്കൊണ്ടുകൊണ്ടാണ് ഈ കോട്ടേജിന്റെ ഡിസൈൻ ആർക്കിടെക്റ്റ് തയ്യാറാക്കിയത്.
ഇങ്ങനെ ഓരോരുത്തരുടെയും ഉള്ളിൽ അവരവർ അറിയാതെ ഒളിഞ്ഞുകിടക്കുന്ന അന്തർഭാവങ്ങളെയാണ് Personal Unconscious എന്ന് ആധുനിക മനഃശാസ്ത്രത്തിൽ വിളിച്ചുപോരുന്നത്. ചുരുക്കത്തിൽ, ഒരു ആർക്കിടെക്റ്റ് ഒരു വീടിന്റെ രൂപരേഖ തയ്യാറാക്കുമ്പോൾ അതിൽ താമസിക്കാൻ പോകുന്നയാളിന്റെ ആന്തരികഭാവങ്ങൾ കൂടി അറിഞ്ഞിരിക്കണം.
അതുപോലെ, പൊതുആവശ്യത്തിനുള്ള മന്ദിരം നിർമ്മിക്കുന്നതിനുള്ള ഡിസൈൻ തയ്യാറാക്കുമ്പോൾ, അത് ഉപയോഗിക്കാൻ പോകുന്ന ജനസമൂഹത്തിന്റെ മനോഭാവത്തിൽ അടിഞ്ഞുകിടക്കുന്ന സാംസ്കാരികഭാവങ്ങൾ കൂടി അറിഞ്ഞിരിക്കണം. ഈ ഭാവങ്ങളെ Collective Unconscious എന്നാണ് വിളിച്ചുപോരുന്നത്.
ഞാൻ തയ്യാറാക്കിയ പ്രബന്ധം സംഘാടകർക്ക് മുൻകൂട്ടി അയച്ചുകൊടുത്തു. നിർഭാഗ്യകരമെന്നു പറയട്ടെ, ആ സെമിനാർ റദ്ദാക്കുകയാണുണ്ടായത്. അതിനു കാരണം എന്റെ പ്രബന്ധം തന്നെയാണ്.
ആർക്കിടെക്റ്റുകളായ ഞങ്ങൾ മനഃശാസ്ത്രംകൂടി പഠിക്കേണ്ടതാണെന്നു മനസിലായി. അതു ഞങ്ങൾ പഠിച്ചിട്ടില്ല. അതുകൂടി പഠിച്ചിട്ടാകാം, ഇനി സെമിനാർ എന്നാണ് അറിയിച്ചത്.