ഒരു മതിലിലെന്തിരിക്കുന്നു എന്ന് ചോദിച്ച് ആരെങ്കിലും വന്നാൽ അവരെ നോക്കി സഹതപിക്കാനും പുച്ഛിച്ച് തലയറഞ്ഞ് ചിരിക്കാനുമേ കമ്മ്യൂണിസ്റ്റുകാർക്ക് കഴിയൂ. കാരണം ഒരു മതിലിൽ മാത്രമല്ലേയുള്ളൂ കാര്യങ്ങൾ എന്ന് നൂറ്റുക്കുനൂറ് ശതമാനം ബോദ്ധ്യമുള്ള ലോകത്തെ ഒരേയൊരു വർഗം അവരാണ്. ചെന്നിത്തല ഗാന്ധിക്കോ സുവർണാവസരം ശ്രീധരൻപിള്ളച്ചേട്ടനോ അതിന്റെ ഗുട്ടൻസ് പിടികിട്ടില്ല.
ചെന്നിത്തല ഗാന്ധി ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ്, പച്ചവെള്ളം ചവച്ചരച്ച് കുടിച്ച്, കുളി തീർത്ത് രഘുപതി രാഘവ പാടി ചർക്കയിൽ നൂൽനൂൽക്കാനിരുന്നാൽ പിന്നെ അതുകഴിഞ്ഞേ എന്തെങ്കിലും കടലാസെടുത്ത് കുത്തിക്കുറിക്കൂ. ആ കുത്തിക്കുറിക്കലിലാണ് അന്നേ ദിവസത്തേക്കുള്ള തപാലുരുപ്പടികളെല്ലാം സജ്ജമാകുന്നത്. ഏറ്റവുമധികം കത്തുകളെഴുതി അയച്ചതിന് തപാലാപ്പീസുകാർ ചെന്നിത്തലഗാന്ധിയെ പൊന്നാട ചാർത്തി ആദരിച്ചത് എഴുതിയ കത്തുകളുടെ എണ്ണം ആയിരത്തിച്ചില്വാൻ പിന്നിട്ട് കഴിഞ്ഞപ്പോഴായിരുന്നു. അതിൽ തൊള്ളായിരത്തി തൊണ്ണൂറ്റിച്ചില്വാനും പിണറായി സഖാവിനായിരുന്നിട്ടും സഖാവ് മതിൽ പണിഞ്ഞതിന് പിന്നിലെ ഗുട്ടൻസ് മാത്രം ഗാന്ധിക്ക് പിടികിട്ടാതെ പോയി. അതിന് കാരണം മതിലിന്റെ സ്വഭാവ ഘടനയെക്കുറിച്ചുള്ള അജ്ഞത ഒന്ന് മാത്രമായിരുന്നു.
സുവർണാവസരം പിള്ളച്ചേട്ടനാകട്ടെ ചെന്നിത്തല ഗാന്ധിയുടെ മാതിരിയുള്ള അസ്കിതകളൊന്നും ഇല്ലാത്ത ദേഹമാണ്. നേരെ വാ, നേരെ പോ പ്രകൃതം. സദാ സേവന സന്നദ്ധൻ. ശബരിമല തന്ത്രി ഫോണിൽ വിളിച്ച് ഏത് പാതിരാത്രിക്ക് കൺസൾട്ടൻസി സേവനമാവശ്യപ്പെട്ടാലും പിള്ളച്ചേട്ടന് അത് നൽകുന്നതിൽ വൈമനസ്യമില്ല. ഇനിയിപ്പോ പിണറായി സഖാവ് തന്നെ വിളിച്ച് ചോദിച്ചാലും പിള്ളച്ചേട്ടന്റെ ശീലം അതുതന്നെ. പിണറായി സഖാവ് മതിൽ കെട്ടാൻ പുറപ്പെടുമ്പോൾ പക്ഷേ പിള്ളച്ചേട്ടനോട് സേവനം ആവശ്യപ്പെട്ടില്ല. തന്റെ സേവനമില്ലാതെ കെട്ടുന്ന മതിലൊക്കെ അത്രയ്ക്കിത്രയ്ക്കേ ഉള്ളൂ എന്ന ഉറച്ച ബോദ്ധ്യമായിരുന്നു പിള്ളച്ചേട്ടനെ നയിച്ചതും. പിള്ളച്ചേട്ടൻ നിസാരവത്കരിച്ച് തള്ളിക്കളഞ്ഞ മതിൽ പറ്റിച്ച പണി പക്ഷേ ചില്ലറയായിരുന്നില്ല!
ചെന്നിത്തലഗാന്ധിയുടെയും സുവർണാവസരം ചേട്ടന്റെയും കണ്ണ് വെട്ടിച്ച് പണിഞ്ഞ മതിലൊന്നുമായിരുന്നില്ല പിണറായി സഖാവും മറ്റും ചേർന്ന് കെട്ടിപ്പൊക്കിയ നവോത്ഥാന വനിതാമതിൽ. ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ട്യോളം എന്ന് കരുതിയ ചെന്നിത്തലഗാന്ധിയും പിള്ളച്ചേട്ടനും അതിനാൽ വരട്ടെ കാണാം എന്നും പറഞ്ഞ് നോക്കിനിന്നു. അങ്ങനെ നോക്കിനിൽക്കെയല്ലേ പണി പറ്റിച്ച് കളഞ്ഞത് !
മതിലിന്റെ മറപറ്റി പെണ്ണുങ്ങളങ്ങ് ശബരിമലയിൽ കേറിക്കളഞ്ഞു! 6325കിലോമീറ്റർ വലിപ്പത്തിലുള്ള ചൈനീസ് വന്മതിൽ കഴിഞ്ഞാൽ പിന്നെ ലോകത്തേറ്റവും വലിപ്പം കൂടിയ മതിലാണ് ജനുവരി ഒന്നിന് കണ്ട നവോത്ഥാന മതിൽ. അത്രയും വലിപ്പം ചെന്നിത്തല ഗാന്ധി പ്രതീക്ഷിച്ചതായിരുന്നില്ലെങ്കിലും ആ വലിപ്പത്തെ അംഗീകരിക്കാനുള്ള വിശാലമനസ്സൊക്കെ ആ ദേഹത്തിലുണ്ടെന്ന് ആർക്കാണറിയാത്തത് ! പക്ഷേ മതിലിന്റെ മറവിൽ ഇജ്ജാതി പരിപാടി ഒപ്പിച്ചുകളയുമെന്ന് സ്വപ്നേപി കരുതിയില്ല.
പണ്ട് കിഴക്കൻ ജർമ്മനിയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്ക് തടയാനാണ് കമ്മ്യൂണിസ്റ്റുകാർ ബെർലിൻ മതിൽ കെട്ടിപ്പൊക്കിയത്. സോവിയറ്റ് കമ്മ്യൂണിസം ഏതാണ്ട് തീർന്നപ്പോൾ ആ മതിലങ്ങ് പൊളിച്ചുകളഞ്ഞു. മതിലുണ്ടാക്കിയാൽ ഒരേസമയം കണ്ണ് വെട്ടിച്ച് ആരെങ്കിലും ഓടിപ്പോകുന്നത് തടയാം, മതിലിനെ മറയാക്കി രഹസ്യനീക്കങ്ങളുമാവാം എന്ന അപാരസാദ്ധ്യതകൾ ഇനിയെങ്കിലും മനസിലാക്കിയാൽ ചെന്നിത്തല ഗാന്ധിക്കും കൊള്ളാം, സുവർണാവസരം പിള്ളച്ചേട്ടനും കൊള്ളാം. മതിലിന്റെ മറപറ്റി പെണ്ണുങ്ങൾ ശബരിമല ചവിട്ടുമ്പോൾ ഹജൂർ കച്ചേരി നടയിൽ ഉണ്ണാവ്രതം കിടക്കുന്നവനുണ്ടാകുന്ന വേദന കിടക്കുമ്പോഴേ അറിയൂ.
മതില് കഴിയുന്നതോടെ ദൈവത്തിന്റെ നാട് ചെകുത്താന്റെ നാടായി മാറുമെന്ന ശാപവചനം പെരുന്ന പോപ്പിൽ നിന്നുണ്ടായപ്പോൾ അത് ഇജ്ജാതി ചെകുത്താന്മാരാകുമെന്ന് ആരും കരുതിക്കാണില്ല. എന്നിട്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു എന്ന് നമ്പ്യാർ പാടിയത് പോലെയായിരുന്നില്ലേ കാര്യങ്ങളുടെ പോക്ക്. എല്ലാം ശബരിമലയ്ക്ക് വേണ്ടിയായിരുന്നല്ലോ എന്നോർക്കുമ്പോഴാണ് മനസിനൊരു സമാധാനം.
രണ്ട് പെണ്ണുങ്ങൾ കേറിയ ശബരിമലയിൽ ഭൂമികുലുക്കവും പേമാരിയും പ്രതീക്ഷിച്ചതാണ്. പക്ഷേ ശബരിമലയിൽ സൂര്യൻ കിഴക്ക് തന്നെ ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതാണ് സകലരും കണ്ടത്. അവസരത്തിനൊത്തുയർന്ന തന്ത്രിമുഖ്യൻ വെട്ടൊന്ന് മുറി രണ്ടെന്ന മട്ടിൽ നടയടച്ച് തൂത്ത് കഴുകി വെടിപ്പാക്കിയത് കണ്ടുനിന്ന ചെന്നിത്തലഗാന്ധിയുടെയും സുവർണാവസരം ചേട്ടന്റെയും കണ്ണിൽ നിന്ന് നീർ ധാരധാരയായി ഒഴുകിയത്രെ. ആ സേവനസന്നദ്ധത കണ്ടിട്ടായിരുന്നു അത് !
കണ്ണുംപൂട്ടി അത് ചെയ്ത തന്ത്രിയദ്ദേഹം വഴിയേ പോയ കോടാലി പിടിച്ചുവാങ്ങി കാലിലിട്ടത് മാതിരിയായിപ്പോയിട്ടുണ്ടെന്നാണ് അന്തപ്പുരവർത്തമാനം. ആർത്തവഘട്ടത്തിലുള്ള സ്ത്രീകളെ അശുദ്ധരായി കരുതിയിട്ടുള്ള ഒഴിവാക്കൽ ഭ്രഷ്ട് കല്പിക്കുന്നതിന് സമാനമാണ്, അത് അവരിൽ മാനസികാഘാതം സൃഷ്ടിക്കുന്നതും ഭരണഘടനയുടെ 17ാം അനുച്ഛേദത്തിന്റെ ലംഘനവും വിവേചനപരമായ തൊട്ടുകൂടായ്മയുമാണ് എന്ന് സുപ്രീംകോടതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. കോടതി പറഞ്ഞത് കേൾക്കാൻ തന്ത്രിയോ എന്ന് ചോദിക്കാൻ നിന്നാൽ കോടതി എന്താ ചെയ്ക എന്ന് പറയാനാവാത്ത സ്ഥിതിയാണ്. വിനാശകാലേ വിപരീതബുദ്ധി... എന്ന് കരുതി സമാധാനിച്ചു കൊൾക!
( ഇ -മെയിൽ : dronar.keralakaumudi@gmail.com )