strike-

ജനുവരി 8, 9 തീയതികളിൽ ഇന്ത്യയിലെ തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കോർപറേറ്റ് അനുകൂലവും രാജ്യദ്രോഹപരവും ജനവിരുദ്ധവുമായ കേന്ദ്രസർക്കാർ നയങ്ങൾ രാജ്യമൊട്ടുക്കുമുള്ള തൊഴിലാളികളുടെ ജീവനോപാധികൾ തകർക്കുകയാണ്. ഈ നയങ്ങൾക്കെതിരെ മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ തൊഴിലാളി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും സർക്കാർ അതൊന്നും ഗൗനിച്ചിട്ടേയില്ല. ഈ സാഹചര്യത്തിലാണ് 2018 സെപ്തംബർ 28ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, ബാങ്ക് - ഇൻഷ്വറൻസ് ജീവനക്കാരുടെയും, കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെഡറേഷനുകളുടെയും കൺവെൻഷൻ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാൻ സാർവത്രിക പൊതുവിതരണം നടപ്പാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക, എല്ലാ തൊഴിലാളികൾക്കും സാമൂഹ്യസുരക്ഷാ പദ്ധതികൾ ഏർപ്പെടുത്തുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും പ്രതിമാസം 3000 രൂപയിൽ കുറയാത്ത പെൻഷൻ നൽകുക, തൊഴിലാളികളുടെ മിനിമം കൂലി പ്രതിമാസം 18,000 രൂപയാക്കി നിജപ്പെടുത്തുക, പൊതുമേഖലാ വ്യവസായങ്ങളുടെ ഓഹരി വില്പന നിറുത്തിവയ്ക്കുക, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിച്ച് തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കുക, ബോണസ് - പ്രോവിഡന്റ് ഫണ്ട് എന്നിവയ്ക്ക് ശമ്പള പരിധി നീക്കം ചെയ്യുക, ട്രേഡ് യൂണിയൻ രൂപീകരിച്ച് രജിസ്ട്രേഷന് അപേക്ഷ നൽകിയാൽ 45 ദിവസത്തിനകം രജിസ്റ്റർ ചെയ്യുക, തൊഴിൽ നിയമങ്ങൾ തൊഴിലുടമയ്ക്ക് അനുകൂലമായി ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക, റെയിൽവേ - പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപം അനുവദിക്കുന്നത് നിറുത്തലാക്കുക എന്നീ 12 ആവശ്യങ്ങളാണ് കൺവെൻഷൻ ഉന്നയിച്ചത്. ഇതിനു പുറമെ കേന്ദ്ര - സംസ്ഥാന സർവീസിൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെയും ട്രാൻസ്പോർട്ട് മേഖലയുടെയും സമ്പൂർണ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു. ഉത്‌പന്നങ്ങൾക്ക് ന്യായമായ തറവില നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് ട്രേഡ് യൂണിയനുകളുടെ കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചു. മേൽപ്പറഞ്ഞ ആവശ്യങ്ങളുയർത്തി രാജ്യമാകെ പ്രചരണങ്ങൾ സംഘടിപ്പിച്ചു. തൊഴിലാളികൾ പണിമുടക്കം വമ്പിച്ച വിജയമാക്കാനുള്ള പരിശ്രമത്തിലാണ്.

മോദി സർക്കാർ രാജ്യത്തെ തൊഴിലാളിവർഗത്തിനു മേൽ നിഷ്ഠൂരമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥ കൂലി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ വ്യവസായങ്ങളിൽ പോലും സ്ഥിരനിയമനങ്ങൾ ഒഴിവാക്കി കരാർ സമ്പ്രദായം വ്യാപിപ്പിക്കുകയാണ്. തൊഴിൽ നിയമങ്ങൾ മുതലാളി വർഗത്തിന് അനുകൂലമായി മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വികസനത്തിന് നിർണായക പങ്ക് വഹിച്ച പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവത്‌കരിച്ചുകൊണ്ടിരിക്കുന്നു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് വളരെ കുറഞ്ഞ അളവിൽ മാത്രം. സ്‌ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ എക്കാലത്തെക്കാളും കുറവായിരിക്കുന്നു. ദേശീയ അജണ്ടയിൽ നിന്നും തൊഴിലാളികളെ ബോധപൂർവം പാർശ്വവത്‌കരിക്കുകയാണ്. നാടനും വിദേശിയുമായ മൂലധന ശക്തികൾക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ.

പ്രതിമാസം 18,000 രൂപ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഇന്ത്യൻ ലേബർ കോൺഫറൻസ് സർക്കാരിനോട് ശുപാർശ ചെയ്തു. സുപ്രീംകോടതി ശരിവച്ച നിർദ്ദേശമാണിത്. ഈ ആവശ്യമുന്നയിച്ച് തൊഴിലാളികൾ നടത്തിയ പ്രക്ഷോഭങ്ങളെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിച്ചു. രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികൾക്കും ലഭിക്കുന്ന കൂലി പ്രതിമാസം 6,000 ത്തിനും 10,000 ത്തിനും ഇടയിലാണ്. ഫലത്തിൽ കൂലി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ പകുതിയോളം കരാർ - താത്കാലിക തൊഴിലാളികളാണ്. ഉരുക്ക്, കൽക്കരി, എണ്ണ - പ്രകൃതി വാതകം, ടെലികോം, ടെക്സ്റ്റൈൽ, മീഡിയ ഗാർമെന്റ്‌സ് തുടങ്ങിയ മേഖലകളിലെ സ്വകാര്യ വ്യവസായങ്ങളിൽ 70 ശതമാനത്തിലധികം തൊഴിലാളികൾ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. സ്ഥിരം തൊഴിലാളികൾക്ക് നൽകുന്ന വേതനത്തിന്റെ 30 ശതമാനം മുതൽ 50 ശതമാനം വരെയാണ് ഈ വിഭാഗത്തിന് ലഭിക്കുന്നത്. നിയമപരമായ അവകാശങ്ങൾ പലതും ഇവർക്ക് ലഭിക്കുന്നില്ല. തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന സുപ്രീംകോടതിയുടെ 2016ലെ വിധി നടപ്പാക്കപ്പെടുന്നില്ല. സർക്കാരാവട്ടെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.

രാജ്യത്തെ തൊഴിലാളികളിൽ 93 ശതമാനവും നിർമ്മാണം, റോഡ് ട്രാൻസ്പോർട്ട്, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഗൃഹാടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങിയ ഈ വിഭാഗത്തെയാണ് അസംഘടിത മേഖലാ തൊഴിലാളികൾ എന്ന് വിളിക്കുന്നത്. ഇവരുടെ കൂലി വളരെ കുറഞ്ഞതാണ്. തൊഴിൽ സാഹചര്യങ്ങൾ തീരെ മോശപ്പെട്ടതാണ്. ഇവരിൽ വലിയൊരു വിഭാഗം കാർഷിക പ്രതിസന്ധി മൂലം തങ്ങളുടെ ഗ്രാമം വിടാൻ നിർബന്ധിതരായ കുടിയേറ്റക്കാരാണ്. നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ടിലേക്ക് കൺസ്ട്രക്‌ഷൻ കമ്പനികളിൽ നിന്ന് സംസ്ഥാന സർക്കാരുകൾ ശേഖരിച്ച 37400 കോടി രൂപയിൽ 9000 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. സുപ്രീംകോടതി ഈ കാര്യത്തിൽ നടത്തിയ വിമർശനം സർക്കാർ ഗൗനിച്ചിട്ടില്ല.

പെട്രോൾ - ഡീസൽ വിലവർദ്ധനവ് എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരാൻ ഇടയാക്കി. നോട്ടു നിരോധനവും അശാസ്ത്രീയമായ ജി.എസ്.ടിയും നവ - ലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മൂർച്ഛിപ്പിച്ചു. സാധാരണക്കാരുടെ കുടുംബങ്ങൾക്ക് ഭക്ഷണത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും, മുതിർന്നവരുടെ ആരോഗ്യരക്ഷയ്ക്കുമുള്ള ചെലവുകൾ താങ്ങാനാവാത്ത സ്ഥിതി സൃഷ്ടിക്കുന്നു. നോട്ടു നിരോധനത്തിന്റെ ഭാഗമായി രാജ്യത്താകെ 2.34 ലക്ഷം ചെറുകിട വ്യവസായങ്ങൾ അടച്ചുപൂട്ടി. 70 ലക്ഷം പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ടത്.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നവ - ഉദാരവൽക്കരണ നയങ്ങൾക്ക് ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ സർക്കാരാണ്. പൊതുമേഖലാ സംരക്ഷണം, തൊഴിലാളികളുടെ അവകാശ സംരക്ഷണം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, നവ കേരള മിഷൻ തുടങ്ങിയ പദ്ധതികൾ ജനങ്ങൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. മുതലാളിത്ത പാതയ്ക്ക് ശരിയായ ബദലുയർത്താനാവുമെന്ന് കേരളത്തിലെ അനുഭവം എല്ലാവരെയും ബോദ്ധ്യപ്പെടുത്തുന്നു.

നവ - ഉദാരവത്‌ക്കരണ നയങ്ങൾക്കെതിരെ ലോകത്തിന്റെ പല ഭാഗത്തും ജനങ്ങൾ പ്രക്ഷോഭം നടത്തുന്നുണ്ട്. ഫ്രാൻസിൽ ഈയിടെ നടന്ന ജനകീയ പ്രക്ഷോഭത്തിനു മുമ്പിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നു. ഇന്ത്യയിലും ജനങ്ങളുടെ യോജിച്ച പ്രക്ഷോഭത്തിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങളെ ചെറുക്കാനാവൂ. 2019 ജനുവരി 8, 9ന്റെ ദേശീയ പണിമുടക്ക് കുത്തകവർഗങ്ങളെ മാത്രം സഹായിക്കുന്ന നവ - ലിബറൽ നയങ്ങളെ പരാജയപ്പെടുത്താൻ കഴിയുന്ന ഉജ്ജ്വല ജനകീയ പോരാട്ടമായി മാറും.

(സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)