കോവളം: പ്രകൃതിയെ നോവിക്കാതെ പരിസ്ഥിതിയോട് ഇഴുകിച്ചേർന്ന് നിർമ്മിച്ച ഗുരുദേവ മന്ദിരം ശിവഗിരിയുടെ ചരിത്രത്താളിൽ ഇടം നേടാൻ സജ്ജമായി. തെക്കൻ പളനിയെന്ന് അറിയപ്പെടുന്ന, ശ്രീനാരായണഗുരുദേവൻ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയ തിരുവനന്തപുരം കുന്നും പാറയിലാണ് 'ശ്രീ നാരായണഗുരുദേവ മഹാസമാധി നവതി സ്മാരക മന്ദിരം' ഒരുക്കിയിരിക്കുന്നത്. പ്രകൃതി ഭംഗി ഒട്ടും ചോരാത്തവിധമുള്ള രൂപകല്പനയാണ് മന്ദിരത്തിന്റെ പ്രത്യേകത. സൗന്ദര്യപ്പച്ചയിൽ പ്രകൃതിയോടിണങ്ങി കിടക്കുന്ന ഒരു സുന്ദര സ്വപ്നമാവുകയാണ് കുന്നുംപാറ. വെട്ടുകല്ലിന്റെ നൈസർഗിക സൗന്ദര്യവും ഹരിതാഭയുള്ള പശ്ചാത്തലവും ചേർന്ന് ഹൃദയസ്പർശിയായൊരു ദൃശ്യവിസ്മയമായി മാറിയിരിക്കുകയാണ് കുന്നുംപാറ ഗുരുദേവ മന്ദിരം. ശാലീനസൗന്ദര്യം കൊണ്ടു മാത്രമല്ല പ്രകൃതിയോടുള്ള സൗഹാർദ്ദ സമീപനം കൊണ്ടും ചെലവു കുറഞ്ഞ നിർമ്മാണ രീതി കൊണ്ടുമൊക്കെ സവിശേഷതയുള്ളൊരു നിർമ്മിതിയാണിത്. ഗുരുദേവ ഭക്തനും ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ നിരവധി ക്ഷേത്രങ്ങളുടെ ശില്പിയുമായ അങ്കമാലി വേലായുധനാണ് മന്ദിരത്തിന്റെ വാസ്തുവിദ്യാചാര്യൻ. കാസർകോട് പീലിക്കോട് പുലിക്കോടൻ വീട്ടിൽ മധു മോഹനന്റെ നേതൃത്വത്തിലുള്ള പ്രകാശൻ, ചന്ദ്രൻ, മോഹനൻ, ഗണേശൻ, വിനോദ്, ലക്ഷ്മണൻ, ഭാസ്കരൻ എന്നിവരടങ്ങിയ പന്ത്രണ്ടോളം സംഘമാണ് ഒന്നരവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയത്. മന്ദിരത്തിന്റെ താഴത്തെ നിലയിലും ഒന്നാംനിലയിലുമായി എല്ലാ സൗകര്യങ്ങളോടും കൂടിയ 4 മുറികളുണ്ട്. ഇവിടെ നിന്നും കിഴക്കൻ ചക്രവാളം കാണാനും വെള്ളായണിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും സൂര്യാസ്തമയം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രണ്ടാം നില പൂർണമായും യോഗവിദ്യയ്ക്കായി സജ്ജമാക്കിയിരിക്കുന്നു. ഗുരുദേവൻ കുന്നുംപാറയിൽ തൃക്കരങ്ങളാൽ നട്ടുപിടിപ്പിച്ച തേക്ക്, പ്ലാവ് എന്നീ വൃക്ഷങ്ങളാണ് കട്ടിളകളും വാതിലുകളും നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 'ലാറ്ററൈറ്റ്' എന്ന കായാന്തരികശിലകളിൽ നിന്നുള്ള ചെത്തിമിനുക്കിയ വെട്ടുകല്ലിലാണ് ചുമരുകൾ തീർത്തത്. കുളിർമാവിന്റെ തൊലി വെള്ളത്തിലിട്ട് വച്ചുണ്ടാക്കിയ കൊഴുപ്പുപയോഗിച്ചുള്ള പോളിഷാണ് ചുമരുകൾക്ക് മിഴിവേകുന്നത്. വിശാലമായ ലിവിംഗ് ഏരിയയാണ് അകത്തേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യുന്നത്. നല്ല വെളിച്ചവും കാറ്റും കുളിർമയും ഉറപ്പു വരുത്തുന്ന രീതിയിലാണ് ഇന്റീരിയർ സ്പെയ്സുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. ടെറാക്കോട്ട ബ്രാന്റിൽപ്പെടുന്ന ടൈലാണ് ഫ്ളോറിംഗിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ബെഡ് റൂമുകളെല്ലാം തന്നെ വിശാലമാണ്. പ്രകൃതി സൗഹാർദ്ദപരമായ കാഴ്ചപ്പാടുകൾ കൊണ്ട് മന്ദിരത്തിൽ മാറ്റത്തിന്റെ കയ്യൊപ്പ് ചാർത്തിയിരിക്കയാണ് കുന്നുംപാറ ആശ്രമത്തിലെ സെക്രട്ടറി സ്വാമി ബോധിതീർത്ഥ. ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളിലെ ഗുരുദേവ ഭക്തർ 60 ലക്ഷത്തോളം രൂപയും ശിവഗിരിമഠം 40 ലക്ഷം രൂപയുമാണ് പദ്ധതിക്കുവേണ്ടി ചെലവിട്ടത്.
ഉദ്ഘാടനം 9ന്
ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് സ്ഥാപക ദിനമായ 9ന് രാവിലെ 10 ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.