r

തിരുവനന്തപുരം: വസ്ത്രത്തിന് ഒരല്പം നിറം മങ്ങിയെന്ന് തോന്നിയാൽ അത് ഉപേക്ഷിച്ച് പുതിയതിലേക്ക് മാറുന്ന മലയാളികളുടെ ആഡംബര ഭ്രമത്തിന് പൊളിച്ചെഴുത്തുമായി കളക്ടർ കെ. വാസുകി. ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച സാരി ഉടുത്ത്, ലളിതജീവിതത്തിന്റെ പാഠം പകർന്നു തരികയാണിവർ. രണ്ടു മാസം മുൻപ് വർക്കല മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന റിസോർഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ (ആർ .ആർ.എഫ്‌) നിന്നാണ് ഉപയോഗിച്ച് ഉപേക്ഷിച്ച സാരി കളക്ടർക്ക് ലഭിച്ചത്. വർക്കലയിൽ ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള ഗ്രീൻപ്രൊട്ടോക്കോളിന്റെ മീറ്റിംഗിൽ പങ്കെടുക്കാനെത്തിയ കളക്ടർ ഈ സാരി ധരിച്ച് ആർ.ആർ.എഫിൽ എത്തി. സന്ദർശനം വീഡിയോയിൽ പകർത്തിയത് സോഷ്യൽമീഡിയയിൽ വൈറലായി. ‘പഴയ സാരി ഉടുക്കുന്നതിൽ എനിക്കൊരു അപമാനവും തോന്നുന്നില്ല. ഞാനുടുത്തിരിക്കുന്ന ഇൗ സാരിക്ക് നല്ല ലൈഫുണ്ട്. പെട്ടെന്നൊന്നും ഇത് മോശമാകില്ല. 15 വർഷമെങ്കിലും ഇൗ സാരി എന്നോടൊപ്പമുണ്ടാകും. ഒാൾഡ് ഇൗസ് ഫാഷണബിൾ എന്നാണ് ഞങ്ങളുടെ ചിന്താഗതി. ഗ്രീൻ പ്രൊട്ടോക്കോളിന്റെ ഭാഗമായി പരിസ്ഥിതിക്ക് നാശമുണ്ടാകാതിരിക്കുകയാണ് ലക്ഷ്യം.' – വാസുകി പറഞ്ഞു. മുമ്പ് കണ്ണൂരിൽ നിന്നു ഇതുപോലെ മകൾക്ക് ഒരു പാവാടയും ടോപ്പും എടുത്തിട്ടുണ്ടെന്ന കാര്യവും വാസുകി പങ്കുവച്ചു.

റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സെന്റർ

പുനരുപയോഗപ്രദമായ സാധനങ്ങൾ ജനങ്ങളിൽ നിന്നു ശേഖരിച്ച് സൗജന്യമായി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലാണ് ഇത് നടപ്പാക്കുന്നത്. വസ്ത്രങ്ങൾ മാത്രമല്ല, വീട്ടിൽ ഉപയോഗിക്കാതെ മാറ്റിവച്ചിട്ടുള്ളതും പ്രവർത്തന ക്ഷമവുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കമുള്ള എന്തും വലിച്ചെറിയാതെ ജങ്ങൾക്ക് സെന്ററിൽ ഏല്പിക്കാം. ആവശ്യക്കാർ ഇത് കൊണ്ടുപോകും. ഇതുവഴി മണ്ണിലേക്ക് വലിച്ചെറിയുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകും.