cctv

വെഞ്ഞാറമൂട്: ലക്ഷങ്ങൾ ചെലവഴിച്ച് വെഞ്ഞാറമൂട് ടൗണിൽ സ്ഥാപിച്ച സി.സി ടിവി കാമറകൾ കേടായി ഒരു വർഷമാകാറായിട്ടും പ്രവർത്തനക്ഷമമമാക്കാൻ നടപടികളില്ലെന്ന് ആക്ഷേപം. സംഘടിത കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ശക്തമാകുന്ന സാഹചര്യത്തിൽ വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലും സി.സി ടിവി കാമറകൾ പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആരോപണം. വെഞ്ഞാറമൂട് ഒഴികെ മേഖലയിലെ മറ്റു പ്രധാന ജംഗ്ഷനുകളെല്ലാം സി.സി ടിവി കാമറകളുടെ നിരീക്ഷണത്തിലാണ്. ആറ് റിസീവറുകളും എട്ട് കാമറകളും ഇപ്പോൾ കേടായിരിക്കുകയാണ്. വ്യാപാര സംഘടനകളുടെയും കേരള പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഗാരന്റി കഴിഞ്ഞതിനാൽ കമ്പനി അറ്റകുറ്റപ്പണികൾ ചെയ്യില്ല. തകരാറുകൾ പരിഹരിക്കാനായി ഒന്നേകാൽ ലക്ഷം രൂപ ചെലവ് വരും. അടുത്തിടെ വെഞ്ഞാറമൂട് ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി കുറ്റകൃത്യങ്ങൾ നടന്നിരുന്നു. രാത്രിയായാൽ പൂർണമായും വിജനമാകുന്ന ടൗണിൽ മോഷ്ടാക്കളും ഹവാല ഇടപാടുകാരും മയക്കുമരുന്നു മാഫിയയും വിളയാടുകയാണ്. നിരവധി ധനകാര്യ സ്ഥാപനങ്ങളും എ.ടി.എം മെഷീനുകളും ടൗണിനകത്ത് പ്രവർത്തിക്കുന്നുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപാരവും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങളും ഇവിടെ തുടർക്കഥയാകുകയാണ്. ടൗണും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടത്തിലും മറ്റും ഏർപ്പെടുന്നവർ പൊലീസ് വരുന്നത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഒാടിയൊളിക്കും. നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമാക്കിയാൽ മാത്രമേ ഇതിനെല്ലാം പരിഹാരമുണ്ടാകൂവെന്നും എത്രയും പെട്ടെന്ന് അതിനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.