തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനും സ്പോർട്സ് എക്സോട്ടിക്കയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി- 20 ചാമ്പ്യൻഷിപ്പ് 7 മുതൽ ഫെബ്രുവരി 3 വരെ നടക്കും. കേരള കോളേജ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് വിപുലമായ രീതിയിൽ നിരവധി യൂണിവേഴ്സിറ്റികളെ ഒന്നിച്ച് ചേർത്തുകൊണ്ട് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് മേഖലകളായി തിരിച്ച് ക്രമീകരിച്ചിരിക്കുന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48 കോളേജുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. 52 മത്സരങ്ങളുള്ള ഈ ക്രിക്കറ്ര് മാമാങ്കത്തിൽ 700ൽ പരം പ്രതിഭകൾ മാറ്റുരയ്ക്കും. ഫൈനൽ മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ ക്രിക്കറ്ര് സ്റ്റേഡിയത്തിലായിരിക്കും നടക്കുക. എയർ ഇന്ത്യ മുഖ്യ സ്പോൺസറാകുന്ന ടൂർണമെന്റിന് പിങ്ക് ബോളാണ് ഉപയോഗിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. അറിയപ്പെടാത്ത ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി ടൂർണമെന്റിന് പിന്നിലുണ്ടെന്ന് കെ.സി.എ സെക്രട്ടറി ശ്രീജിത്ത് വി നായർ, പ്രസിഡന്റ് സാജൻ വർഗീസ്, ട്രഷറർ കെ.എം അബ്ദുൾ റഹ്മാൻ, സ്പോർട്സ് എക്സോട്ടിക ഡയറക്ടർ ജ്യോതിഷ് പ്രകാശ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.