iralia-chira

കിളിമാനൂർ: പുളിമാത്ത് ഇരട്ടച്ചിറ ജംഗ്ഷനിൽ വെറുതേ കിടക്കുന്ന അര ഏക്കറോളം സ്ഥലം പ്രയോജനപ്പെടുത്തി ദീർഘദൂര യാത്രക്കാർക്കൊരു 'തണൽ വീടും പൂന്തോട്ടവും' സജ്ജമാക്കിക്കൂടേ... ചോദ്യം നാട്ടുകാരുടേതാണ്. കെ.എസ്.ടി.പി മനസുവച്ചാൽ നാട്ടുകാരുടെ ഈ ആവശ്യം യാഥാർത്ഥ്യമാകും. ഒപ്പം യാത്രക്കാർക്ക് ആശ്വാസവും ലഭിക്കും.

കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ സംസ്ഥാന പാത വികസിപ്പിച്ച പുളിമാത്ത് പഞ്ചായത്തിലെ ഇരട്ടച്ചിറ ജംഗ്ഷനിൽ പഴയ റോഡ് ഒഴിവാക്കി പുതിയ റോഡ് നിർമ്മിച്ചിടത്താണ് അര ഏക്കറോളം സ്ഥലം ആർക്കും പ്രയോജനപ്പെടാതെ കിടക്കുന്നത്. ഈ ഭാഗത്ത് പകൽ വീടും, പൂന്തോട്ടവും നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ഭൂമി ചില സ്വകാര്യ വ്യക്തികൾ കൈയേറി തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് പരാതികൾ നൽകിയെങ്കിലും പുളിമാത്ത് പഞ്ചായത്ത് അധികൃതരോ, റവന്യൂ വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചില്ല.

കിളിമാനൂർ ടൗണിനോട് ചേർന്നാണ് ഇരട്ടച്ചിറ ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. പഴയ കുന്നുമ്മൽ, പുളിമാത്ത് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് ആർക്കും പ്രയോജനപെടാത്തനിലയിൽ പഴയ സംസ്ഥാന പാത സ്ഥിതി ചെയ്യുന്നത്. ഇവിടെ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസ് നിർമ്മിക്കണമെന്ന ആവശ്യം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതനുസരിച്ചുള്ള നീക്കങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ചില സ്വകാര്യ വ്യക്തികളുടെ സ്വാധീനം കാരണം പദ്ധതി പാളുകയായിരുന്നു. ഈ സ്ഥിതിക്ക് പകൽ വീട് നി‌‌‌ർമ്മിച്ച്, പൂന്തോട്ടം ഉൾപ്പെടയുള്ള സംവിധാനത്തോടെ പാർക്കും നിർമ്മിച്ചാൽ എം.സി. റോഡ് വഴി കടന്നു പോകുന്ന യാത്രക്കാർക്ക് വിശ്രമകേന്ദ്രമാകും. ഒപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബങ്കുകൾ സ്ഥാപിച്ചാൽ ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനുമാകും.

 തണൽ വീട്

തിരുവനന്തപുരം മുതൽ കൊട്ടാരക്കര വരെയുള്ള സംസ്ഥാന പാതയിലെ പ്രധാന സ്ഥലമായ കിളിമാനൂരിൽ തണൽവീടൊരുക്കിയാൽ ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുട്ടികൾക്ക് മുലയൂട്ടുന്നതിനുമൊക്കെ സൗകര്യം ലഭിക്കും. ഈ വഴിയിൽ മറ്റ് അമിനിറ്റി സെന്ററുകൾ ഇല്ലാത്ത സ്ഥിതിക്ക്, തണൽ വീട് ദീർഘ ദൂര യാത്രക്കാർക്കും ഡ്രൈവർമാരും വളരെയധികം ഉപയോഗമാകും.