തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ 8,9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധയിടങ്ങിൽ ട്രെയിൻ തടയും. കെ.എസ്.ആർ.ടി.സി തൊഴിലാളികളും വിമാനത്താവളത്തിലെ കരാർ ജീവനക്കാരും ടാക്‌സിതൊഴിലാളികളും പണിമുടക്കിൽ പങ്കാളിയാകും. ഈ സാഹചര്യത്തിൽ ബസ്, ട്രെയിൻ യാത്രകൾ ഒഴിവാക്കി ജനങ്ങൾ സഹകരിക്കണമെന്ന് സമരസമിതി ജില്ലാ ജനറൽ കൺവീനർ വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. വ്യാപാരികൾ കടയടച്ച് സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 8ന് രാവിലെ തമ്പാനൂർ, ചിറയിൻകീഴ്, വർക്കല എന്നിവിടങ്ങിൽ ട്രെയിൻ തടയും. 8ന് രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിലേക്ക് മാർച്ച് നടത്തും. 2000ത്തോളം പ്രവർത്തകർ പങ്കെടുക്കും. സി.ഐ.ടി.യു നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, എളമരം കരീം, ഐ.എൻ.ടി.യു.സി നേതാക്കളായ ആർ. ചന്ദ്രശേഖരൻ, പാലോട് രവി, എ.ഐ.ടി.യു.സി നേതാവ് കെ.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിനിമം വേതനം 18,000 രൂപയാക്കുക, സാർവത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, സ്‌കീം തൊഴിലാളികളുടെ വേതനവും സൗകര്യങ്ങളും ഉറപ്പുവരുത്തുക, ധനകാര്യമേഖലയെ സംരക്ഷിക്കുക, പൊതുമേഖലയെ വിറ്റ് തുലയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.ആർ. പ്രതാപൻ, സി. ജയൻബാബു, സോളമൻ വെട്ടുകാട്, ഷീന ബഷീർ, മഹീൻ അബൂബക്കർ, കവടിയാർ ധർമ്മൻ, ഇ.ജി. മോഹനൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംഘപരിവാർ ആക്രമണത്തിന് സാദ്ധ്യത: വി. ശിവൻകുട്ടി
48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ഭാഗമായി ജില്ലയിൽ സമാധാനപരമായി സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നടക്കുന്ന പ്രകടവും യോഗവും അലങ്കോലമാക്കാൻ സംഘപരിവാറുകാർ തന്ത്രം മെനയുകയാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കും. കല്ലേറും ബോംബേറും നടത്തുമെന്നാണ് രഹസ്യവിവരം. ഇക്കാര്യത്തിൽ പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി ഹർത്താലിന്റെ മറവിൽ ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോർഡുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.