കാട്ടാക്കട: കാട്ടാക്കട കട്ടയ്ക്കോട് നെടുമങ്ങാട് റോഡിൽ ഗവ.എൽ.പി.എസിന് മുന്നിലുള്ള ഈ റോഡിൽ എപ്പോഴും തിരക്കും ട്രാഫിക് കുരുക്കുമാണ്. കുളത്തുമ്മൽ ഗവ.എൽ.പി.എസ്, ജില്ലാ ട്രഷറി, താലൂക്ക് ഓഫീസ്, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിൽ പോകുന്നവർ നിത്യവും ഉപയോഗിക്കുന്നത് ഈ റോഡിനെയാണ്.
മാർക്കറ്റ് ദിവസങ്ങളിൽ മിക്കപ്പോഴും ഇവിടെ കുരുക്കിലമരും. വലിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും കട്ടയ്ക്കോട് ഭാഗത്തേയ്ക്ക് തിരിഞ്ഞാൽത്തന്നെ ഈ റോഡിൽ പിന്നെ സ്ഥമുണ്ടാകില്ല. വർഷങ്ങൾക്ക് മുൻപ് ജോലിയ്ക്ക് പോയ രക്ഷിതാക്കളും കുട്ടിയും സ്വകാര്യ കോളേജിന്റെ ബസിനടിയിൽ പെട്ട് മരിച്ചത്. ഇതിന് ശേഷം ജില്ലാ ഭരണകൂടം ഇടപെട്ട് ഈ പ്രദേശത്തെ വാഹന പാർക്കിംഗ് നിരോധിക്കുകയും ഓട്ടോ സ്റ്റാന്റ് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഒരുമാസം തികയുന്നതിന് മുന്നേ ഇതെല്ലാം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടു. മെയിൻ റോഡിലെ അനധികൃത പാർക്കിംഗ് കാരണം കട്ടയ്ക്കോട് ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും മുന്നോട്ടെടുത്ത് വളയാൻ ബുദ്ധിമുട്ടിലാകും. ഇതാണ് പലപ്പോഴും കാട്ടാക്കടയിയിൽ മൊത്തത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്നത്.
കാട്ടാക്കടയിൽ നിന്നും കട്ടയ്ക്കോട് ഭാഗത്തേയ്ക്കുള്ള മൊളിയൂർ റോഡ് വികസിപ്പിച്ച് വൺവേ സംവിധാനമാക്കിയാൽ ട്രഷറി ജംഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും പഞ്ചായത്തോ പൊലീസോ ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.