കേന്ദ്രസർക്കാർ ചീഫ്സെക്രട്ടറിയോടും ഗവർണറോടും റിപ്പോർട്ട് തേടി
തിരുവനന്തപുരം:ശബരിമലയിലെ യുവതീപ്രവേശനത്തെച്ചൊല്ലിയുള്ള അക്രമങ്ങളിൽ കൂട്ടഅറസ്റ്റുകളും കരുതൽ തടങ്കലുകളും തുടരവേ, അതീവജാഗ്രത പുലർത്താൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകി. കഴിഞ്ഞദിവസങ്ങളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ചീഫ്സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ, ക്രമസമാധാനനില തകർന്നെന്ന് വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണവിഭാഗം സർക്കാരിനെ അറിയിച്ചു. നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളടക്കം ആക്രമിച്ച് കലാപമുണ്ടാക്കാനും ശ്രമമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് 24മണിക്കൂറും അതീവജാഗ്രത. ക്രമസമാധാനനിലയെക്കുറിച്ചും പൊതു-സ്വകാര്യ സ്വത്തുക്കളുടെ നഷ്ടത്തെക്കുറിച്ചും ഗവർണർ പി.സദാശിവവും മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
തെക്കൻകേരളത്തിൽ ഇന്നലെ കാര്യമായ അക്രമങ്ങളുണ്ടായില്ലെങ്കിലും വടക്കൻ ജില്ലകൾ അത്ര ശാന്തമല്ല. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ബി.ജെ.പി ദേശീയവക്താവ് നരസിംഹറാവുവിന്റെ മുന്നറിയിപ്പ് ഇതാണ് സൂചിപ്പിക്കുന്നതെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നുമാണ് സർക്കാർ പറയുന്നത്. മദ്രാസ് ഐ.ഐ.ടിയിൽ പ്രഭാഷണത്തിനായി ചെന്നൈയിലുള്ള ഗവർണർ പി.സദാശിവം ഇന്ന് വൈകിട്ട് തിരിച്ചെത്തിയശേഷമാവും സർക്കാർ വിശദീകരണം നൽകുക. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുത്തെന്നും സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാണെന്നും ഗവർണറെ അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ 'കേരളകൗമുദി'യോട് പറഞ്ഞു.
അക്രമം അടിച്ചമർത്തണമെന്നും അക്രമികൾക്കെതിരെ മുഖംനോക്കാതെ നടപടിവേണമെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്ക്ക് നിർദ്ദേശം നൽകി.
അക്രമികളെ കൈകാര്യം ചെയ്യുന്നതിൽ രാഷ്ട്രീയവിധേയത്വം പാടില്ലെന്നും വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകി.
4 പ്രശ്‌നബാധിത ജില്ലകൾ
കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കാസർകോട് ജില്ലകളിലാണ് ഏറ്റവുമധികം അക്രമം. കണ്ണൂരിൽ 169കേസുകളിൽ 998 പ്രതികളുണ്ട്. പാലക്കാട്ട് 166കേസുകളിൽ 4946ഉം, കോഴിക്കോട്ട് 98കേസുകളിലായി 4511ഉം പ്രതികളുണ്ട്. കാസർകോട്ട് 2877പ്രതികളിൽ 161പേരെയേ പിടികൂടാനായിട്ടുള്ളൂ.
ജില്ല, കേസുകൾ, പ്രതികൾ
തിരുവനന്തപുരം----102------2367
കൊല്ലം----------------111------3621
പത്തനംതിട്ട----------77--------1601
ആലപ്പുഴ--------------80--------2526
ഇടുക്കി----------------82--------640
കോട്ടയം--------------42---------1541
എറണാകുളം--------80--------4190
തൃശൂർ---------------123-------6434
മലപ്പുറം--------------47----------1537
വയനാട്--------------20--------190
''സംസ്ഥാനത്താകെ പൊലീസ് കനത്ത ജാഗ്രതയിലാണ്. പരിശോധനകളും കരുതൽഅറസ്റ്റും തുടരും.''.
ലോക്നാഥ്ബെഹ്റ
പൊലീസ് മേധാവി.