ramesh-chennithala

തിരുവനന്തപുരം: എൻ.എസ്.എസിന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയെന്ന് തന്നെ വിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആജീവനാന്തം ഡെപ്യൂട്ടി ലീഡറായി ഇരിക്കാനാണ് യോഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉപനേതാവായ കോടിയേരി ഇപ്പോഴും ഉപനേതാവു മാത്രമാണ്. കോടിയേരി തന്നെക്കുറിച്ച് നടത്തിയ ജാതീയ പരാമർശം തരംതാണതാണ്. മത,ജാതി ചിന്തകളുടെ ജീർണ്ണത മനസ്സിൽ സൂക്ഷിക്കുന്നതു കൊണ്ടാണ് ഇത്തരം പ്രചരണം. വനിതാ മതിലിനു ശേഷം സി.പി.എം ആളുകളെ കാണുന്നത് ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യാനിയായും ഉപജാതികളായും ആണ്.

സി.പി.എമ്മിന്റെ മതേതര സർട്ടിഫിക്കറ്റ് തങ്ങൾക്കു വേണ്ട. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. അതിനുള്ള അവകാശം അവർക്കുണ്ട്. സി.പി.എം വർഗ്ഗരാഷ്ട്രീയം ഉപേക്ഷിച്ച് വർഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണ്. അത്തരക്കാർക്കേ തരംതാഴ്ന്ന പരാമർശങ്ങൾ നടത്താനാവൂ. സമൂഹമാദ്ധ്യമങ്ങളിൽ കമ്മ്യൂണിസ്റ്റുകാ‌‌ർ നടത്തുന്ന പ്രചരണത്തിന്റെ പ്രഭവകേന്ദ്രം കോടിയേരിയാണെന്ന് ഇപ്പോൾ മനസ്സിലായി. സത്യം പറയുന്നവരെ സംഘപരിവാർ ആക്കുന്ന പ്രചരണമാണ് ഇത്.

ദേശീയപണിമുടക്ക് ഹർത്താലാക്കരുതെന്ന് യു.ഡി.എഫ് കക്ഷികളുടെ ട്രേഡ് യൂണിയനുകളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുന്നണി കൺവീനർ ബെന്നി ബെഹനാനും മറ്റ് കക്ഷിനേതാക്കളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.