വിതുര: ടാപ്പിംഗ് തൊഴിലാളിയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കോട് പുളിച്ചാമല ഇരപ്പിൽ വീട്ടിൽ രവീന്ദ്രൻനായർ(66) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലു മണിയോടെ നാഗര കാലങ്കാവ് നന്ദിയോട് റൂട്ടിൽ വട്ടപ്പൻകാട് കമ്മൂണിറ്റി ഹാളിന് സമീപമാണ് സംഭവം. പുളിച്ചാമലയിൽ നിന്നും നന്ദിയോട് കാലങ്കാവിലുള്ള എസ്റ്റേറ്റിലേക്ക് ടാപ്പിംഗിന് പുറപ്പെട്ടതായിരുന്നു. റോഡിൽ തലയടിച്ച് വീണ് രക്തം വാർന്നൊഴുകിയ നിലയിൽ കിടന്ന രവീന്ദ്രൻനായരെ അതുവഴി ടാപ്പിംഗിന് വന്ന മറ്റാരു യുവാവാണ് കണ്ടത്. ഉടൻ സമീപവാസികളെ വിവരം അറിയിക്കുകയും, ആംബുലൻസ് വിളിച്ച് രവീന്ദ്രൻനായരെ പാലോട് ഗവ. കമ്മൂണിറ്റിഹെൽത്ത് സെന്ററിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഇടിച്ചിട്ട് പോയതായി പരാതിയുണ്ട്. സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് വട്ടപ്പൻകാട് വഴി ഒരു ടിപ്പർ കടന്നുപോയതായി പറയുന്നു. ഇൗ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പാലോട് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. വത്സലകുമാരിയാണ് ഭാര്യ. മക്കൾ: വിപിൻ, മിഥുൻ, മീര. മരുമക്കൾ: വിദ്യ, അഡ്വ. ഉമാമോഹൻ, പ്രമോദ്(എച്ച്.എൽ.എൽ.പേരൂർക്കട).