water-tank

കല്ലമ്പലം: കിളിമാനൂർ ബ്ലോക്കിലെയും, വർക്കല നിയോജകമണ്ഡലത്തിലെയും ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ നാവായിക്കുളത്ത് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആരംഭിച്ച കുടിവെള്ള പദ്ധതി കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പഞ്ചായത്തിലെ 22 വാർഡുകളിലും കുടിവെള്ളം എത്തിച്ച് സമ്പൂർണ കുടിവെള്ള പദ്ധതിയാണ് ലക്ഷ്യമിട്ടതെങ്കിലും മിക്ക സ്ഥലങ്ങളിലും കുടിവെള്ളം എത്തിയിട്ടില്ല. 1985 ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നാവായിക്കുളം വലിയകുളത്തെ ജലം ശുദ്ധീകരിച്ച് പൊതുടാപ്പുകൾ സ്ഥാപിച്ച പദ്ധതി പരാജയപ്പെട്ടിരുന്നു. തുടർന്ന് വി.എസ് സർക്കാരിന്റെ സമയത്ത് 2007ൽ ജലവിഭവമന്ത്രിയും നാട്ടുകാരനുമായ എൻ.കെ. പ്രേമചന്ദ്രൻ പ്രത്യേക താത്പര്യമെടുത്താണ് നാവായിക്കുളം - കുടവൂർ വില്ലേജുകൾക്കായി പുതിയ പദ്ധതി അനുവദിച്ചത്. എന്നാൽ പുതിയ പൈപ്പ്‌ലൈൻ, വാട്ടർടാങ്കുകൾ എന്നിവയുടെ നിർമാണത്തിന് മൂന്ന് വർഷത്തോളമെടുത്തു. പദ്ധതിക്ക് ഫണ്ട് അനുവദിച്ചെങ്കിലും നടപ്പാക്കുന്നതിന് ഒട്ടേറെ പ്രതിസന്ധികൾ പഞ്ചായത്തിന് നേരിടേണ്ടി വന്നു.

കേരളവാട്ടർ അതോറിട്ടി നടത്തിയ സർവേ പ്രകാരം ഏറ്റവും ഉയർന്ന പ്രദേശമായ പുന്നോട് ഇടപ്പണകുന്നിൽ സ്ഥലം വാങ്ങികൊടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഉടമകൾ ഭൂമി വിട്ട് കൊടുക്കാത്തതിനാൽ ഒരു വസ്തു ഉടമയ്ക്ക് തൊട്ടടുത്തസ്ഥലം പഞ്ചായത്ത് വിലയ്ക്ക് വാങ്ങി കൊടുത്ത് അദ്ദേഹത്തിന്റെ 10 സെന്റ് റബർ പുരയിടം എഴുതിവാങ്ങി. പഞ്ചായത്തിന്റെ പഴയ കുടിവെള്ള പദ്ധതിയുടെ വലിയകുളത്തോട് ചേർന്നുള്ള 20 സെന്റ് ഭൂമിയും വെള്ളൂർകോണം ലക്ഷംവീട്കോളനിയോട് ചേർന്ന 5 സെന്റ് ഭൂമിയും വാട്ടർ അതോറിട്ടിക്ക് പഞ്ചായത്ത് വിട്ടുകൊടുത്തു. തുടർന്ന് പൈപ്പ്‌ലൈൻ സ്ഥാപിക്കലും, വെള്ളൂർകോണം, പുന്നോട് വാട്ടർടാങ്ക് നിർമാണവും സമയബന്ധിതമായി നടന്നുവെങ്കിലും ഉദ്‌ഘാടനത്തിന്റെ തലേദിവസം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അത് നടത്താൻ കഴിഞ്ഞില്ല. തുടർന്ന് വന്ന യു.ഡി.എഫ് സർക്കാരിലെ ജലവിഭവമന്ത്രിയായിരുന്ന പി.ജെ. ജോസഫ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. എന്നാൽ സാങ്കേതിക തകരാറുകൾ ആരോപിച്ച് പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അന്നത്തെ എം.എൽ.എ വർക്കല കഹാർ വെള്ളം എത്താത്ത കൂടുതൽ പ്രദേശങ്ങളിലേക്ക് പൊതുടാപ്പുകൾ സ്ഥാപിക്കാൻ പരിശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. നിലവിൽ പല പ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുകയാണ്.