തിരുവനന്തപുരം : അന്യസംസ്ഥാന ലോട്ടറികളുടെ നികുതി 28ൽ നിന്ന് 12 ശതമാനമാക്കി ഏകീകരിച്ച് അന്യ സംസ്ഥാന ലോട്ടറി മാഫിയക്ക് സംസ്ഥാനത്ത് കടന്നുകയറി കൊള്ള നടത്താൻ അവസരമൊരക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നികുതി ഏകീകരിക്കണമെന്ന നിർദ്ദേശം കഴിഞ്ഞ ജി.എസ്.ടി കൗൺസിലിൽ കേന്ദ്ര സർക്കാരാണ് മുന്നോട്ട് വച്ചത്. ഇത് സംസ്ഥാന ലോട്ടറിയെ നശിപ്പിക്കും. സംസ്ഥാന ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന നികുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. സർക്കാരിന്റെ ഖജനാവിലേക്ക് നേരിട്ട് ലഭിക്കുന്ന നികുതിയാണ് ഇത്. എന്നാൽ അന്യ സംസ്ഥാന ലോട്ടറികൾ കേരളത്തിൽ നിർബാധം വിറ്റഴിക്കാനുള്ള സാഹചര്യം ഉണ്ടായാൽ സംസ്ഥാന സർക്കാരിന് കാര്യമായ നികുതി വരുമാനം ലഭിക്കില്ല.
കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ഈ വിഷയം സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെ വന്ന് കണ്ട് ചർച്ച നടത്തിയിരുന്നു. മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് ഇക്കാര്യത്തിൽ യോജിച്ച് നീങ്ങാനായി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ടു വരികയാണെന്നും ചെന്നിത്തല അറിയിച്ചു.