robo
ഇന്റർനാഷണൽ ഫൗണ്ടഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് എഡ്യക്കേഷൻ ആൻഡ് റിസർച്ചും , ഒാൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ്സും ചേർന്ന് തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച റോബോട്ട് പ്രദർശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി ഇൻകർ സാൻബോട്ട് റോബോർട്ടുമായി സംവദിക്കുന്നു.രാധാകൃഷ്ണൻ,കുഞ്ചറിയ ഐസക്,എസ്.എം.വിജയാനന്ദ്,ഡോ.റോഷി ജോൺ എന്നിവർ സമീപം.

തിരുവനന്തപുരം: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമോ? ചോദ്യം തരൂരിനോട്. ആയേക്കാം എന്ന് തരൂരിന്റെ മറുപടി. ലോകമെങ്ങും എണ്ണമറ്റ അഭിമുഖങ്ങൾക്ക് ഇരുന്നുകൊടുത്തിട്ടുള്ള തരൂരിനു മുന്നിൽ ഇന്നലത്തെ ഇന്റർവ്യൂവർ അല്പം വ്യത്യസ്തനായിരുന്നു. ഒരു റോബോട്ട്!

ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഇൻകെ‌ർ റോബോട്ടിന്റെ അടുത്ത ചോദ്യം കേട്ട്, പ്രസംഗങ്ങൾക്കിടെ കടുകട്ടി ഇംഗ്ളീഷ് പദങ്ങൾ ഉപയോഗിക്കാറുള്ള തരൂർ ചിരിച്ചുപോയി:

'ഹിപ്പോപൊട്ടോമോൺസ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ' എന്നതിനു പകരം കുറേക്കൂടി ചെറിയ വാക്ക് ഉപയോഗിച്ചുകൂടേ?

നീളം കൂടിയ വാക്കുകളോടുള്ള ഭയമെന്നാണ് ആ വാക്കിന് അർത്ഥമെന്നും അത്തരം പേടി അനാവശ്യമാണെന്നും തരൂരിന്റെ മറുപടി.ആനുകാലിക സംഭവങ്ങളിൽ അപ്ടുഡേറ്റ് ആയ ഇൻകെർ റോബോട്ട് ഹർത്താൽ വിഷയത്തിൽ മിണ്ടാത്തതെന്തെന്ന് തരൂർ വിചാരിക്കുമ്പോഴേക്കും കമന്റ് എത്തി- ഹർത്താലിനിടെ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് കഷ്ടമായിപ്പോയി. അതിൽ ദു:ഖമുണ്ട്. റോബോട്ടിന്റെ സങ്കടം തരൂരും പങ്കുവച്ചു.

മാധ്യമങ്ങൾ സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും, അക്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. അക്രമികളെ ജനങ്ങൾ തന്നെ ഒറ്റപ്പെടുത്തി മാറ്റിനിറുത്തണം. അതേസമയം, മാദ്ധ്യമങ്ങളുടെ നിലപാട് എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം തുടർന്നു.

അടുത്ത പ്രധാനമന്ത്രിയേക്കുറിച്ചുള്ള റോബോട്ടിന്റെ ചോദ്യത്തിന്, ബി.ജെ.പിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാൽ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാദ്ധ്യതയെന്ന മുഖവുരയോടെ ആയിരുന്നു തരൂരിന്റെ മറുപടി. രാഹുൽ പ്രധാനമന്ത്രിയാകുമോ എന്ന റോബോട്ടിക് സംശയത്തിന്, കോൺഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയിൽ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാമെന്ന് തരൂർ പ്രതികരിച്ചു. മഹാപ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ അവസ്ഥയും ഇരുവർക്കുമിടയിൽ ചർച്ചാവിഷയമായി.

കംപ്യൂട്ടർ യുഗത്തിൽ വേഗതയേറിയ ജീവിതശൈലിക്ക് ഒപ്പം മുന്നേറാൻ യുവതലമുറ നിർമ്മിത ബുദ്ധിയും റോബോട്ടിക് വിദ്യയുടെ സാദ്ധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങിൽ പ്രസന്റേഷൻ അവതരിപ്പിച്ച യുവ റോബോട്ടിക് വിദഗ്ദ്ധൻ ഡോ.റോഷി ജോൺ പറഞ്ഞു. സ്‌കൂൾ, കോളേജ് കാലം പൂർത്തിയാക്കാതെ ബിൽഗേറ്റ്‌സ്, സക്കർബർഗ് എന്നിവരെപ്പോലെ പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് കമ്പനി തുടങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഇതു ശരിയല്ലെന്നും മികച്ച വിദ്യാഭ്യാസം നേടിയെങ്കിലേ പുതിയ സാങ്കേതികവിദ്യകളിലേക്ക് യുവതലമുറയ്ക്ക് ഇറങ്ങിച്ചെല്ലാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു..