chief-minister-pinarayi

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ തുടർന്നുണ്ടായ അക്രമം മുൻകൂട്ടി കാണുന്നത് സംബന്ധിച്ച് പൊലീസിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊലീസ് ഇക്കാര്യം നേരത്തേ കാണുകയും കരുതൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടക്കുന്നത്. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഭാഗമായുള്ള നടപടിയാണിത്. ജനപ്രതിനിധികളെയും മാദ്ധ്യമപ്രവർത്തകരെയും വരെ ആക്രമിക്കുന്നു. നാട്ടിലെങ്ങും വലിയതോതിലുള്ള പ്രകോപനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനെ ഒറ്റക്കെട്ടായി അപലപിക്കാൻ കഴിയേണ്ടതാണ്. നിർഭാഗ്യവശാൽ ചില രാഷ്ട്രീയതാത്പര്യങ്ങൾ വച്ചുകൊണ്ടുള്ള സമീപനം കോൺഗ്രസ് അടക്കമുള്ള പ്രധാന രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിക്കുന്നു. നാടിന്റെ സ്വൈരതയും സമാധാനവും തകർത്ത് ഒരു പുതിയ രീതിയിലേക്കു മാറ്റാനാണ് ആർ.എസ്.എസ്‌ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.