engnand

വിതുര: 20വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദേശദമ്പതികൾ വീണ്ടുമെത്തി. വിതുരയിലെ ഗ്രാമവഴികളിൽ ലോകോത്തര നാടകവേദിയുടെ തുയിലുണർത്താൻ.

ലണ്ടനിലെ മിഡിൽസിക്സ് യൂണിവേഴ്സിറ്റിയിലെ ലക്ചർമാരായ നൈജൽവറാക്കും, ഭാര്യയും കൊറിയോഗ്രാഫറുമായ സൂസന്നാഗർഷ്യയുമാണ് ഇരുപത് വർഷത്തിന് ശേഷം വിതുരയിലെത്തിയത്. വിതുരയിലെ കുട്ടികളെ നാടകത്തിന്റെ പ്രാഥമികപാഠങ്ങൾ പഠിപ്പിക്കുവാനും, ശബ്ദവിന്യാസത്തിന്റെ താളക്രമങ്ങളും, താളോപകരണങ്ങളുടെ ഉപയോഗവും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.

വിതുര കേന്ദ്രമാക്കി 23വർഷമായി സജീവമായി പ്രവർത്തിക്കുന്ന സുഹൃത് നാടക കളരിയുടെ ജീവാത്മാവായ ആർ. സുധാകരന്റെ ക്ഷണപ്രകാരമാണ് ഇവരെത്തിയത്. യൂറോപ്യൻയൂണിയന്റെ സഹായത്തോടെയാണ് വരവ്.

2000 സെപ്തംബർ ഇരുപതിനാണ് ഇരുവരും വിതുരയിൽ എത്തി കുട്ടികൾക്ക് പരിശീലനം നൽകിയ ശേഷം മടങ്ങിയത്. അന്ന് വീണ്ടുമെത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

റൂമേനിയ, ഇറ്റലി, ജർമ്മനി, ഇന്ത്യ, ലണ്ടൻ എന്നിവിടങ്ങളിലെ വ്യത്യസ്ത കലാരൂപങ്ങളെക്കുറിച്ച് അറിയുന്നതിനും, അവിടുത്തെ കുട്ടികളുമായി ഇടപഴകുന്നതിനുമായി സൂസന്നഗർഷ്യയും, നൈജൽവറേക്കും ലോകം ചുറ്റാറുണ്ട്. കേരളത്തിലെ കുട്ടികളോട് ഇവർക്ക് ഏറെ പ്രിയമാണ്. നാടകം പഠിച്ചെടുക്കുന്നതിൽ കേരളത്തിലെ കുട്ടികൾക്ക് പ്രത്യേക മിടുക്കുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ടാണ് ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിലെത്തിയതെന്ന് ഇവർ പറയുന്നു. ഇന്നലെ ഇവർ ഗ്രാമപ്രദേശത്തെ കുട്ടികളുമായി സംവദിച്ചു.

പാശ്ചാത്യനാടകാവതരണത്തെകുറിച്ചും, രചനയിലെ വൈവിദ്ധ്യങ്ങളെകുറിച്ചും ആശയസംവാദങ്ങൾ നടത്തി. കുട്ടികൾക്കൊപ്പം നാടകം കളിച്ച്, കുട്ടികളുടെ താളക്രമരീതികളും, അവരുടെ അഭിനയ പരിചയവും മനസിലാക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. കഥാകഥനത്തേക്കാൾ, സന്ദർഭോചിതമായി നൃത്തവും, മെയ്യഭ്യാസവും പ്രകടിപ്പിക്കുവാൻ അഭിനേതാക്കൾക്ക് അവസരം നൽകുന്ന നാടകമാണ് ഇവർ അവതരിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ കുട്ടികളെ നാടകം പഠിപ്പിക്കുന്നതിനായി രൂപീകരിച്ച 'ഫ്ലെയിംഗ് ഗോറില്ലാസ്' എന്ന മ്യൂസിക്കൽ നാടകസംഘം അടുത്ത മാസം വിതുരയിൽ എത്തും. ഫെബ്രുവരി 18 മുതൽ 24 വരെ കേരളത്തിൽ തങ്ങും. വിതുരയിലെ നാടകകളരിയിലെ കുട്ടികളും ഗോറില്ലാസും ചേർന്നുള്ള പ്രകടനം 23ന് വിതുരയിലും, 24ന്‌ തിരുവനന്തപുരം മാനവീയം വീഥിയിലും അവതരിപ്പിക്കും.