തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് കേരളത്തിൽ കലാപം സൃഷ്ടിക്കാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.
മൂന്നാമതൊരു യുവതി മലകയറിയതിന്റെ പേരിൽ എന്തുകൊണ്ട് ഹർത്താൽ നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത് ഇരിക്കുന്ന പദവിക്ക് നിരക്കുന്നതല്ല. ശബരിമലയിൽ യുവതികളെ കയറ്റുന്നതിനുള്ള നാടകങ്ങളുടെ റിഹേഴ്‌സൽ നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നില്ല. ഗുരുതരപരിക്കേറ്റ കോൺഗ്രസ് പ്രവർത്തകർക്ക് ചികിത്സ നിഷേധിച്ച് ആശുപത്രിയിലെ സെല്ലിലിട്ട് ക്രൂരമായി പീഡിപ്പിക്കുകയാണ്.
സി.പി.എം- ബി.ജെ.പി പ്രവർത്തകർ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ രണ്ട് പാർട്ടികളുടെയും നേതൃത്വം ഇടപെടണം. ഇരുകൂട്ടരും യുവതിപ്രവേശനം മുൻനിറുത്തി രാഷ്ട്രീയം കളിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.