ശ്രീവിശ്വനാഥനെ വണങ്ങിയശേഷം ആ സന്യാസിവര്യൻ അഞ്ച് ഏക്കറോളംവരുന്ന ക്ഷേത്രഭൂമി വലയം ചെയ്ത് ഒരു ഭാഗത്ത് നിന്നുകൊണ്ട് പറഞ്ഞു. ഇത് നല്ല ഭൂമി. നമ്മുടെ കാര്യത്തിന് ഉപയോഗിക്കാം. പഞ്ചസാരപോലെയുള്ള മണ്ണെടുത്ത് വിതറി ഇൗ മണ്ണ് വൃത്തിയായി വയ്ക്കണം. ഇതും ഉപയോഗപ്പെടുത്താം എന്നരുളി നടന്നുനീങ്ങി ആശ്രമ മുറിയിൽ കയറി. ശിഷ്യന്മാർക്ക് ആത്മീയോപദേശം നൽകി. ഉച്ചയായപ്പോഴേക്കും തനിക്ക് ഭക്ഷണത്തിനായി കൊണ്ടുവരപ്പെട്ട ചോറ് ചുറ്റും നിന്നവർക്കായി 'ഇത് നമ്മുടെ പ്രസാദം" എന്ന് പറഞ്ഞ് ഒാരോ സ്പൂണുകളായി അവർക്കൊക്കെ നൽകി. സായംസന്ധ്യയിൽ അന്തേവാസികളോടൊപ്പം പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകി. തുടർന്ന് സംസ്കൃത ക്ളാസുംവേദാന്ത ക്ളാസും നയിച്ചു. ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളെ ഗുരുവായി ലഭിച്ചതാണ് നമ്മുടെ പരമഭാഗ്യം. തൃപ്പാദങ്ങളെ നാം ഇന്നും വേണ്ടവണ്ണമറിഞ്ഞിട്ടില്ല. അല്പം കഴിഞ്ഞ് ഇന്നൊരു പുണ്യദിനമാണ് ഉറക്കമിളച്ചിരിക്കാൻ സാധിക്കുന്നവർ ഇന്നിവിടെ ഇരിക്കുക.
നാളെ ഞാനങ്ങുപോകും. പലരും അവിടെ ഇരുന്നു. ബാക്കിയുള്ളവർ പിരിഞ്ഞുപോയി. ശിഷ്യനായ അപ്പുശാന്തി പൂജയും കഴിഞ്ഞ് 5.30ന് സ്വാമി സന്നിധിയിലെത്തി നമസ്കരിച്ചു. കുറേനേരം കാത്തുനിന്നു. സ്വാമി എഴുന്നേറ്റുവരുന്നില്ല. അവസാനം വിളിച്ചുനോക്കി. സ്വാമി മഹാധ്യാനത്തിലാണ്. പിന്നേയും വിളിച്ചു. അവസാനമാണ് അറിയുന്നത് സ്വാമികൾ മഹാസമാധി പ്രാപിച്ചിരിക്കുകയാണെന്ന്.
1919 ജനുവരി 8ന് രാവിലെ ബ്രഹ്മനിർവാണം പ്രാപിച്ച ശിവലിംഗദാസ സ്വാമികളുടെ മഹാപരിനിർവ്വാണത്തിന്റെ ഒരു ഏകദേശ വിവരണമാണ് ഇവിടെ നൽകിയത്. ശ്രീനാരായണഗുരുദേവന്റെ പ്രഥമശിഷ്യൻ ശിവലിംഗദാസസ്വമികൾ മഹാസമാധി പ്രാപിച്ചതിന്റെ നൂറാമത് പുണ്യദിനമാണ് ഇന്ന്. ഗുരുവായൂരിനടുത്ത് ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രാങ്കണത്തിലാണ് സ്വാമികളുടെ സമാധിക്ഷേത്രം. ഗുരുദേവന് ചേർന്ന ശിഷ്യനായിരുന്നു അദ്ദേഹം. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മനസുകൊണ്ടും സ്വജീവിതത്തിലത് അവിടുന്ന് പ്രകാശിപ്പിച്ചു. അക്ഷരാർത്ഥത്തിൽതന്നെ ഗുരുദേവന്റെ പ്രതിപുരുഷനായിരുന്നു സ്വാമി
ഗുരുദേവൻ കൂടുതൽ കർമ്മരംഗത്തേക്കിറങ്ങിയപ്പോൾ ഇതര ശിഷ്യന്മാരെ ആദ്ധ്യാത്മോപദേശം നൽകി നയിക്കാനുള്ള നിയോഗവും സ്വാമികൾക്ക് ലഭിച്ചു. ബോധാനന്ദ സ്വാമികൾ, ഗോവിന്ദാനന്ദ സ്വാമികൾ, ശങ്കരാനന്ദസ്വാമികൾ, രാമാനന്ദസ്വാമികൾ തുടങ്ങിയ ഗുരുദേവ ശിഷ്യന്മാർക്ക് ശിവലിംഗദാസ സ്വാമികൾ ഗുരുസ്ഥാനീയനായിരുന്നു. ശാരദാപ്രതിഷ്ഠാദിനത്തിൽ ശിവലിംഗദാസ സ്വാമികളെ ഗുരുദേവൻ അനന്തരഗാമിയായി സൂചിപ്പിച്ചിരുന്നു. പിന്നീട് സ്വാമികളുടെ സമാധിക്ക് ശേഷമാണ് ബോധാനന്ദസ്വാമികളെ ആ സ്ഥാനത്തേക്ക് അവരോധനം ചെയ്തത്. സ്വാമികളുടെ ശിഷ്യപ്രമുഖനായ സദ്ഗുരു മലയാളികൾ ആന്ധ്രയിൽ സ്ഥാപിച്ച വ്യാസാശ്രമം ആന്ധ്രാ സംസ്ഥാനത്തിലെ ഏറ്റവും വലിയ ആത്മീയകേന്ദ്രമാണ്.
വലിയ ബഹളങ്ങളോ, കർമ്മപരിപാടികളോ സംഘാടകത്വമോ ഇല്ലാതെ ശാന്തനും നിസ്പൃഹനും നിസ്സംഗനുമായി അനുയായി വൃന്ദത്തെ ആത്മസാധനയിലൂടെ നയിക്കുവാനാണ് ശിവലിംഗദാസ സ്വാമികൾ ശ്രദ്ധിച്ചത്.
ഗുരുദേവൻ മരുത്വാമലയിലെ തപസു കഴിഞ്ഞ് അരുവിപ്പുറത്ത് എത്തിയ കാലത്താണ് നെയ്യാറ്റിൻകര മാരായമുട്ടം ദേശത്ത് നായർ സമുദായത്തിൽ ജനിച്ച കൊച്ചപ്പിപ്പിള്ള ഗുരുദേവ ശിഷ്യത്വം വരിച്ചത്. അങ്ങനെ സ്വാമികൾ മഹാഗുരുവിന്റെ ആദ്യശിഷ്യനായി. അരുവിപ്പുറം പ്രതിഷ്ഠയിൽ ഗുരുവിന്റെ പരികർമ്മിയാകാൻ ഭാഗ്യം ലഭിച്ചതും സ്വാമികൾക്ക് തന്നെ. പിന്നീട് ശിവഗിരിമഠം, ആലുവ അദ്വൈതാശ്രമം, പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിലും സ്വാമികൾ നിസ്തൂലമായ പങ്കുവഹിച്ചു. സ്വാമികൾ രചിച്ച ഒാം ബ്രഹ്മണേമൂർത്തിമതേ... എന്നു തുടങ്ങുന്ന കൃതി ഒരു ഉപനിഷദ് മന്ത്രംപോലെ ശ്രീനാരായണ ശിഷ്യലോകം ജപിക്കുന്നു. ശിവലിംഗ ദാസ സ്വാമികളുടെ സമാധി സ്മാരകമായി സ്ഥാപിതമായ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം ഇന്ന് ശതാബ്ദി ആഘോഷത്തിലാണ്. മഹാഗുരുവിന്റെ ഇൗ മഹാശിഷ്യന്റെ സമാധി ശതാബ്ദിയും ആചരിച്ചനുഷ്ഠിച്ച് നാം അനുഗൃഹീതരാകണം.