തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഇടതു സർക്കാർ നടത്തുന്ന തൊഴിലാളി പീഡനങ്ങൾക്ക് എതിരെയായിരിക്കും ചൊവ്വ, ബുധൻ ദിവസങ്ങളിലെ പണിമുടക്കെന്ന് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി.
16 മുതൽ കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന അനിശ്ചിതകാല പണിമുടക്കിന്റെ റിഹേഴ്‌സലാണ് രണ്ടു ദിവസത്തെ പണിമുടക്ക്. കേന്ദ്രത്തോട് തൊഴിലാളികൾ ഉന്നയിക്കുന്ന അതേ ആവശ്യങ്ങളാണ് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ പിണറായി സർക്കാരിനോട് ആവശ്യപ്പെടുന്നത്. തൊഴിൽ നിയമങ്ങളും മിനിമം വേതനവും നിഷേധിക്കുന്നത് ഇടതു സർക്കാരാണെന്നും തമ്പാനൂർ രവി ആരോപിച്ചു.
സ്വകാര്യബസ് ഉടമകളെയും അനധികൃത സമാന്തര സർവീസുകാരെയും സഹായിക്കുന്ന നയമാണ് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരിയുടേത്. തച്ചങ്കരിയുടേത് സർക്കാർ നയമല്ലെന്ന് ഇടതു യൂണിയൻ നേതാക്കൾ പറയുമ്പോൾ, തന്നെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് തച്ചങ്കരി വാദിക്കുന്നു. മുഖ്യമന്ത്രി ഒന്നും മിണ്ടുന്നുമില്ല. തച്ചങ്കരിയുടെ നിലപാടുകൾ സംബന്ധിച്ച് ഇടതു യൂണിയനുകളിൽത്തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തം. സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും പിടിവാശിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും തമ്പാനൂർ രവി പറഞ്ഞു.