തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ സി.പി.എം- ബി.ജെ.പി സംഘർഷമാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമമാണ് ഉണ്ടായതെന്ന് വി. മുരളീധരൻ എം.പി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം നീക്കം മനസ്സിലാക്കി, ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ പ്രകോപിതരാകരുത്. മുൻ നിശ്ചയപ്രകാരം യുവതികളെ സർക്കാർ സന്നിധാനത്ത് എത്തിച്ചപ്പോൾത്തന്നെ അയ്യപ്പ ഭക്തരുടെ പ്രതിഷേധമുയർന്നു. സംഘർഷത്തിനു പിന്നിൽ സംഘപരിവാർ ആണെന്ന പ്രഖ്യാപനമാണ് തുടക്കത്തിലേ മുഖ്യമന്ത്രി നടത്തിയത്. അതുവഴി അദ്ദേഹം സി.പി.എം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുയായിരുന്നു. ഇതിനു ശേഷമാണ് സി.പി.എം പ്രവർത്തകർ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും നേരെ വ്യാപകമായി ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. ഇത് ആസൂത്രിതമായിരുന്നു എന്നണ് പൊലിസ് പറയുന്നത്. തന്റെ വീട്ടിലേക്കു ബോംബെറിഞ്ഞ് ബി.ജെ.പി. പ്രവർത്തകരെ പ്രകോപിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങൾക്കെല്ലാം കാരണം സി.പി.എമ്മും സർക്കാരുമാണ്. ശബരിമല വിഷയത്തിൽ അയ്യപ്പ ഭക്തർക്കുള്ള പ്രതിഷേധം പുറത്തു വരാതിരിക്കാനുള്ള അജൻഡയാണ് നടപ്പാക്കപ്പെട്ടതെന്നും വി. മുരളീധരൻ പറഞ്ഞു.