തിരുവനന്തപുരം: ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നോവലിനെ ആധാരമാക്കി ചിത്രകാരൻ സലിം ബാബു വരച്ച ചിത്രങ്ങളുടെ പ്രദർശനം വെെലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ശ്രദ്ധേയമാകുന്നു. 'വായനക്കാരന്റെ മനസിലുണ്ടാക്കിയ ചിത്രങ്ങൾ' എന്നു പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ അക്രിലിക് നിറങ്ങളിൽ ഒരുക്കിയ പത്തൊൻപത് ചിത്രങ്ങളാണുള്ളത്.
നോവലിൽ കൂമൻ കാവിൽ രവി ബസിറങ്ങുന്നിടത്ത് തുടങ്ങുന്ന ചിത്രപരമ്പര ബസ് വരാനായി രവി കാത്ത് കിടന്നു എന്ന നോവലിലെ അവസാന ദൃശ്യത്തിലാണ് സമാപിക്കുന്നത്. നോവലിലെ സന്ദർഭങ്ങൾ കോർത്തിണക്കുന്ന ചിത്രങ്ങൾ നോവൽ വായിച്ച പ്രതീതി ഉളവാക്കും. നോവലിലെ വിവരണം ചിത്രങ്ങൾക്കൊപ്പം കൊടുത്തിട്ടുണ്ട്. 1ന് പ്രശസ്ത ചിത്രകാരൻ ബി.ഡി ദത്തനാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്.
എൺപതുകളിൽ കോളേജ് പഠനകാലത്ത് നോവൽ വായിച്ചപ്പോൾ മനസിൽ പതിഞ്ഞ ചിത്രങ്ങളാണ് സലിം ബാബു പകർത്തിയത്. കാറ്റു പിടിച്ച കരിമ്പനകളും ജന്മാന്തരങ്ങളറിഞ്ഞ പൊട്ടൻ അപ്പുക്കിളിയും രവിയും അള്ളാപിച്ച മൊല്ലാക്കയും കുപ്പുവച്ചനും ചിരി കടിച്ചമർത്തി യാഗാശ്വത്തെ പോലെ നടന്ന മൈമൂനയും രണ്ട് ജീവബിന്ദുക്കൾ നടക്കാനിറങ്ങിയതുമൊക്കെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസത്തിലെ ഒ.വി വിജയന്റെ മനോഹര പ്രയോഗങ്ങളും വാങ്മയ ചിത്രങ്ങളും വായനക്കാരന്റെ മനസ്സിൽ എന്നും നിലനിൽക്കുന്നതാണ്. വായനക്കാരന്റെ മനസ്സിലെ ചിത്രങ്ങളെ ശല്യപ്പെടുത്താതെയാണ് ചിത്രങ്ങൾ വരച്ചതെന്ന് സലിം ബാബു പറയുന്നു.
ഒ.വി വിജയന് ആദരമായി ഒരുക്കിയ ചിത്രങ്ങളുടെ മൂന്നാമത്തെ പ്രദർശനമാണിത്. മുൻപ് കൊല്ലത്തും പാലക്കാട് തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകത്തിലുമായിരുന്നു പ്രദർശനം.
കൊല്ലം തട്ടാമൂല ഇരവിപുരം ജി.വി.എച്.എസ്.എസിലെ അദ്ധ്യാപകനായിരുന്ന സലിം ബാബുവിന്റെ മക്കളായ വിവേകും വിനായകും ചിത്രകാരന്മാരാണ്. നന്ദയാണ് ഭാര്യ. പ്രദർശനം 8ന് അവസാനിക്കും.