67380125

തിരുവനന്തപുരം : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ പൈലറ്റ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകർക്ക് വിദഗ്ദ്ധ ചികിത്സ നൽകാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെൽ വാർഡിലേക്ക് മാറ്റിയെന്ന് പരാതി. നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റ് കിടപ്പിലായ പ്രവർത്തകനെ പോലും സെല്ലിൽ എത്തിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. പരിക്കേറ്റവരിൽ ഒരാളായ ഡി.സി.സി ജനറൽസെക്രട്ടറി എസ്. കൃഷ്ണകുമാർ സെല്ലിൽ നിരാഹാരസമരവും ആരംഭിച്ചു.
വ്യാഴാഴ്ച ബേക്കറി ജംഗ്‌ഷനിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെയാണ് കൃഷ്ണകുമാറിനും ഡി.സി.സി വൈസ് പ്രസിഡന്റ് മുനീർ, യൂത്ത് കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ് രാജീവ്കുമാർ, കുന്നുകുഴി മണ്ഡലം സെക്രട്ടറി എസ് .ബിജു എന്നിവർക്കും പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റത്. മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരെ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞെന്ന കുറ്റം ചുമത്തിയാണ് സെല്ലിലേക്ക് മാറ്റിയത്. സംഭവം നടന്ന അന്നുതന്നെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു.

നട്ടെല്ലും ഇടുപ്പെല്ലും പൊട്ടിയ രാജീവ്കുമാറിന്റെയും ബിജുവിന്റെയും നില ഗുരുതരമാണെന്നും ഇരുവരെയും വാർഡിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും നേതാക്കൾ പറയുന്നു. കൃഷ്ണകുമാറിന്റെ കാലിലും മുനീറിന്റെ തോളെല്ലിലുമാണ് പൊട്ടൽ. അതേസമയം, ജുഡിഷ്യൽ കസ്റ്റഡിയിലുള്ളവരെ സാധാരണ വാർഡിൽ പാർപ്പിക്കാൻ നിയമമില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കൃഷ്ണകുമാറിനെ ഡിസ്ചാർജ്ജ് ചെയ്ത് ജയിലിലടയ്ക്കാനും ശ്രമം നടന്നതായി ആരോപണമുണ്ട്. നാലു പേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും.