naren

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് ശേഷമുണ്ടായ രാഷ്ട്രീയസ്ഥിതിഗതികൾ സംസ്ഥാനത്ത് അനുകൂലമാക്കിയെടുക്കാമെന്ന കണക്കുകൂട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെ എത്തിച്ച് രംഗം കൊഴുപ്പിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു. ഇപ്പോഴത്തെ ആവേശം കൈമുതലാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

ഈ മാസം 15ന് കൊല്ലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പാർട്ടി റാലിയെ അഭിസംബോധന ചെയ്യാനെത്തുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. കൊല്ലത്ത് ദേശീയപാതയുടെ ഭാഗമായി പുതുതായി പണി തീർത്ത ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുമെന്ന ധാരണയാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വരവിൽ ഔദ്യോഗികസ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ബൈപ്പാസ് ഉദ്ഘാടനം പ്രധാനമന്ത്രി നടത്തുമെന്നതിൽ തീരുമാനമായെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയാണിത്. ഇതിന് പുറമേ 27ന് തൃശൂരിൽ യുവമോർച്ച റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി അരങ്ങേറിയ അക്രമസംഭവങ്ങൾ തിരിച്ചടിയാകുമോയെന്ന ആശങ്കയും പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. പ്രത്യേകിച്ച് മാദ്ധ്യമപ്രവർത്തകരെയടക്കം ആക്രമിച്ചത് വിവാദമായ പശ്ചാത്തലത്തിൽ. സംഘർഷമുണ്ടാക്കാനുള്ള സി.പി.എം നീക്കത്തിൽ പ്രകോപിതരാകാതെ സംയമനം പാലിക്കാൻ പ്രവർത്തകരോട് വി. മുരളീധരൻ എം.പി ഇന്നലെ ആഹ്വാനം ചെയ്തതും ശ്രദ്ധേയമാണ്.

ഈ മാസം 18ന് ശബരിമല കർമ്മസമിതി സെക്രട്ടേറിയറ്റ് വളയൽ നിശ്ചയിച്ചിട്ടുണ്ട്. ലോക്‌സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പാർട്ടിയുടെ സംഘടനാ പ്രവർത്തന പുരോഗതി വിലയിരുത്താനായി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ഫെബ്രുവരിയിൽ കേരളത്തിലെത്തും.

ശബരിമല സമരം കൊഴുപ്പിക്കാനായതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അജൻഡ നിശ്ചയിക്കുന്നത് ബി.ജെ.പി ആയിട്ടുണ്ട് എന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിലെ വിലയിരുത്തൽ. യുവതീപ്രവേശനത്തിന് ശേഷം തെരുവിൽ അരങ്ങേറിയ പ്രതിഷേധപ്രകടനങ്ങളിലൂടെയും അതിന് മുമ്പുണ്ടായ സമരങ്ങളിലൂടെയും ഹൈന്ദവ ഏകീകരണം സാദ്ധ്യമാക്കാനായെന്നും ബി.ജെ.പി വിലയിരുത്തുന്നു.