നെടുമങ്ങാട്: പൊന്മുടി ഹൈവേയിൽ മന്നൂർക്കോണം ആർച്ച് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് മതിലിലിടിച്ച് ഡ്രൈവർ ഉൾപ്പെടെ 26 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ഓടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ആറുപേരെ മെഡിക്കൽ കോളേജിലും 11 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ബസിൽ 55 യാത്രക്കാർ ഉണ്ടായിരുന്നു. വിതുര ജഴ്‌സി ഫാമിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിതുര സ്വദേശികളായ മണിയൻ (50), രമണി (42), അംബിളി (43), സർജുനാഥ് (56), കനകമ്മ (55), അയിഷസ് (42) എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കാലിന് പരിക്കേറ്റ ഡ്രൈവർ വിതുര സ്വദേശി കെ.ആർ. അജയകുമാറും കണ്ടക്ടർ ടി.എസ്. ധനീഷും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിൽ എന്തോ ഒടിയുന്ന ശബ്ദം കേട്ടെന്നും തുടർന്ന് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.