തിരുവനന്തപുരം: ശബരിമല ദർശനത്തിന് കൂടുതൽ യുവതികൾ എത്താനിടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. മകരവിളക്കിന് മുമ്പ് അന്യസംസ്ഥാനങ്ങളിലെ ഇരുപതോളം പേരെങ്കിലും എത്തിയേക്കുമെന്നാണു സൂചന.
ഇതുവരെ 9 യുവതികൾ ദർശനം നടത്തിയെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസുകാർ അയ്യപ്പഭക്തരുടെ വേഷത്തിലാണ് യുവതികളെ അനുഗമിക്കുന്നത്. യൂണിഫോമിൽ സുരക്ഷ ഒരുക്കുമ്പോൾ തിരിച്ചറിയപ്പെടുന്നത് ഒഴിവാക്കാനാണിത്. ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട യുവതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ യുവതികൾ ദർശനം നടത്തിയെന്ന റിപ്പോർട്ട് മുഖ്യമന്ത്റിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതികളുടെ സുരക്ഷയെക്കരുതിയാണ് വിവരങ്ങൾ പുറത്തുവിടാത്തത്. ഇവരുടെ ദർശനം സംബന്ധിച്ച വിവരങ്ങൾ 22ന് സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിലുണ്ടാവും.
അതേസമയം, യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധത്തിന്റെ വീര്യം വരും ദിവസങ്ങളിൽ കൂടുമെന്നും ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്.