നെടുമങ്ങാട്: വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് പിൻവലിക്കാനിരിക്കെ നെടുമങ്ങാടും പരിസര പ്രദേശങ്ങളും ക്രമസമാധാനനില സാധാരണ നിലയിലേക്ക്. ഹർത്താൽ ദിനത്തിൽ തുടങ്ങിയ ആക്രമണ പരമ്പരകൾക്കൊടുവിൽ ഇന്നലെ നഗരം ശാന്തമായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബസ് സ്റ്റാൻഡിലും മാർക്കറ്റിലും മറ്റു പൊതുസ്ഥലങ്ങളിലും ഷാഡോ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പാർട്ടികളുടെ ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കും സമീപത്ത് മഫ്‌തി പൊലീസുകാർ കാവലുണ്ട്. ഹർത്താൽ ദിവസം നഗരത്തിൽ അരങ്ങേറിയ അതിക്രമങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ വ്യാപാര സ്ഥാപനങ്ങളുടെ സഹായംതേടി. കടകളുടെ മുന്നിൽ വ്യാപാരികൾ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി നിരീക്ഷണ കാമറകളും പ്രധാന പ്രവർത്തകരുടെ ഫോൺവിളി രേഖകളും പരിശോധിച്ചാണ് അന്വേഷണം.
കസ്റ്റഡിയിലുള്ളത് 20 ഓളം പേർ
പൊലീസ് സ്റ്റേഷന് മുന്നിലെ ബോംബെറിഞ്ഞത് ആർ.എസ്.എസ് നേതാവെന്ന് തിരിച്ചറിഞ്ഞത് നഗരസഭ മന്ദിരത്തിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ്. പരിശോധനയുടെ അടിസ്ഥാനത്തിൽ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പിടിയിലായവർ പലരും നഗര പരിധിയിലെ താമസക്കാരല്ലെന്നാണ് സൂചന. എന്നാൽ തഹസിൽദാരുടെ സാനിദ്ധ്യത്തിൽ ഇന്നലെ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രമുഖ ജനപ്രതിനിധികളുടെയും അസാന്നിദ്ധ്യം പ്രതിഷേധത്തിനിടയാക്കി. അക്രമ പരമ്പരകളെ അപലപിച്ച താലൂക്ക് സഭ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.
' അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. തെളിവുകൾ പൂർണമായും ശേഖരിച്ചതിന് ശേഷമേ അറസ്റ്റുണ്ടാവു. അക്രമം ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്''
--ബി.എസ്. സജിമോൻ
നെടുമങ്ങാട് സി.ഐ