തിരുവനന്തപുരം : സുസ്ഥിരതയെ ബലികഴിച്ച് പ്രളയാനന്തര പുനഃ നിർമാണം നടത്തില്ലെന്ന നിർബന്ധബുദ്ധി സർക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജോയിന്റ് കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള 'പ്രളയാനന്തര പുനഃ നിർമാണവും സിവിൽ സർവീസും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതകൊണ്ടാണ് പ്രളയത്തെ ഒന്നായി അതിജീവിക്കാൻ സംസ്ഥാനത്തിനായത്. അത്തരം കൂട്ടായ്മയുടെ സംസ്കാരം നിലനിറുത്തണം. സ്ത്രീയ്ക്കും പുരുഷനൊപ്പം തുല്യഅവകാശമുണ്ട്. അത് അംഗീകരിക്കണം. ഇത്തരം കാര്യങ്ങളിൽ ലോകശ്രദ്ധയാകർഷിക്കാനായ കേരളത്തിൽ ഇതിനെതിരെ അപശബ്ദങ്ങൾ അടുത്തകാലത്ത് ഉയരുന്നത് ശ്രദ്ധിക്കണം. പുനഃ നിർമാണത്തിന് മുന്നിൽ നിൽക്കുന്നതിനൊപ്പം ജീവനക്കാർ നവോത്ഥാന മൂല്യങ്ങളുടെ
സംരക്ഷണത്തെക്കുറിച്ചും ബോധവാൻമാരായിരിക്കണം.
പ്രളയത്തിന്റെ കണക്കെടുപ്പ് മുതൽ പുനഃനിർമാണം വരെ എല്ലാമേഖലകളിലും വിദേശസഹായവും രാജ്യാന്തരതലത്തിൽ നിന്നുൾപ്പെടെ ആശയങ്ങളും സ്വീകരിക്കുന്നുണ്ട്. കുട്ടനാട് മേഖല, പുഴയോരമേഖല, കടലാക്രമണ സാദ്ധ്യതയുള്ള തീരദേശങ്ങൾ, മലയോരം തുടങ്ങിയ ഇടങ്ങളിൽ സുസ്ഥിര വികസന മാതൃകകൾ കണ്ടെത്തും. ക്രൗഡ് ഫണ്ടിംഗിലൂടെ സുതാര്യമായ രീതിയിലായിരിക്കും പുനഃ നിർമാണമെന്നും ഇതിന് ജീവനക്കാരുടെ സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിയമനനിരോധനം, ശമ്പളകമ്മിഷന്റെ കാലാവധി അഞ്ചിൽ നിന്ന് പത്തു വർഷമാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ നിന്ന് പിൻമാറുക തുടങ്ങിയ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രളയാനന്തര പുനഃ നിർമാണത്തിന് കേരളത്തിന് അർഹമായ കേന്ദ്രപാക്കേജ് നേടിയെടുക്കാൻ കൂട്ടായ പോരാട്ടം നടത്തണമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാൽ വിഷയം അവതരിപ്പിച്ചു. സത്യൻ മൊകേരി, ടി.സി. മാത്തുക്കുട്ടി, എൻ. ശ്രീകുമാർ, കെ.എസ്. സജികുമാർ, എസ്.ബിജു, എം.എസ്. സുഗൈദ കുമാരി, തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻനായർ സ്വാഗതവും കെ. ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.