hartal-attack

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ ഇന്നലെ വൈകിട്ടു വരെ 3282 പേരെ അറസ്റ്റ് ചെയ്തതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. അറസ്റ്റിലായതിൽ 487 പേർ റിമാൻഡിലാണ്. 2795 പേർക്ക് ജാമ്യം ലഭിച്ചു. എല്ലാ ജില്ലകളിലുമായി 37979 പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്.

തിരുവനന്തപുരം സി​റ്റി- 114, തിരുവനന്തപുരം റൂറൽ- 98, കൊല്ലം സി​റ്റി- 40, കൊല്ലം റൂറൽ- 74, പത്തനംതിട്ട - 314, ആലപ്പുഴ- 296, ഇടുക്കി- 218, കോട്ടയം- 126, കൊച്ചി സി​റ്റി- 269, എറണാകുളം റൂറൽ- 240, തൃശൂർ സി​റ്റി- 199, തൃശൂർ റൂറൽ- 149, പാലക്കാട് - 298, മലപ്പുറം- 216, കോഴിക്കോട് സി​റ്റി- 60, കോഴിക്കോട് റൂറൽ- 97, വയനാട്- 140, കണ്ണൂർ- 230, കാസർകോട്- 104 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായവർ. 1286 കേസുകളിലാണ് ഇത്രയും അറസ്റ്റ്.

മുഴുവൻ അക്രമികളെയും പിടികൂടും വരെ ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ തുടരും. കലാപം സൃഷ്ടിക്കലും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലുമടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തുക. പൊതുമുതൽ നശിപ്പിച്ചതിന്റെ മുഴുവൻ തുകയും ഈടാക്കാനായി സിവിൽ കേസും ചുമത്തും. രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ അക്രമികളെയും പിടികൂടണമെന്ന കർശന നിർദ്ദേശം ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയിട്ടുണ്ട്.