നെടുമങ്ങാട് : ഹർത്താൽ ദിനത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ സി.പി.എം പ്രവർത്തകർക്കു നേരെ ബോംബ് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതോടെ പ്രതിയെ തിരിച്ചറിഞ്ഞു. ആർ.എസ്.എസ് ജില്ലാ പ്രചാരക് ആണ് ബോംബ് എറിഞ്ഞതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായതിനെ തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്.
പാലക്കാട് സ്വദേശിയായ ഇയാൾ അടുത്തിടെ വാളിക്കോട്ട് കടയുടമയെ ആക്രമിച്ച കേസിലെ പ്രതിയാണ്. ഹർത്താൽ ദിവസം ആനാട്ട് എസ്.ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ആർ.എസ്.എസ് പ്രവർത്തകരെ മോചിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസ് സ്റ്റേഷൻ പരിസരത്ത് ബോംബെറിഞ്ഞ് പരിഭ്രാന്തി പരാതിയതെന്ന് ആക്ഷേപമുണ്ട്. സ്റ്റേഷനു മുന്നിൽ കൂടിനിന്ന സി.പി.എമ്മുകാരെ വിരട്ടിയോടിക്കാനും ഉദ്ദേശിച്ചിരുന്നത്രേ.
അഞ്ചു തവണയാണ് ഇയാൾ ബോംബ് എറിഞ്ഞത്.പൊലീസുകാരും സി.പി.എം പ്രവർത്തകരും ഓടി മാറിയതുകൊണ്ട് അത്യാഹിതം സംഭവിച്ചില്ല. മേലാംകോട് ഇടറോഡിലൂടെ എത്തിയ ഇയാൾ പ്ലാസ്റ്റിക് കവറിൽ നിന്ന് ബോംബുകൾ എടുത്ത് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാളുടെ നേതൃത്വത്തിൽ തന്നെയാകാം പിന്നീട് സി.പി.എം ജാഥയ്ക്കു നേരെയും ബോംബേറുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു.
അറസ്റ്റ് വൈകുന്നത്
ആശങ്കാജനകം: സി.പി.ഐ
നെടുമങ്ങാട് ബോംബേറ് കേസിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് ആശങ്കാജനകമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു.പൊതുനിരത്തിൽ പരക്കെ ബോംബെറിഞ്ഞ് ഭീതി പരത്തിയത് ആർ.എസ്.എസിന്റെ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം. ആരോപിച്ചു. ബോംബേറിൽ തകർന്ന വീടുകൾ അദ്ദേഹം സന്ദർശിച്ചു.മാങ്കോട് രാധാകൃഷ്ണൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷരീഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ബോംബേറ് കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്- എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാലും ആവശ്യപ്പെട്ടു.നാശനഷ്ടം നേരിട്ട വീടുകൾ വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്- എസ് പ്രവർത്തകർ സന്ദർശിച്ചു.