kodiyeri

തിരുവനന്തപുരം: കലാപമുണ്ടാക്കാനുള്ള ശ്രമത്തോടെ ആർ.എസ്.എസ് നടത്തുന്ന അക്രമങ്ങളെ പൊലീസ് അടിച്ചമർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പരമാവധി സംയമനം പാലിച്ചു. ഇത് ദൗർബല്യമായി കാണരുത്. ഹർത്താൽ നടത്തി ആർ.എസ്.എസുകാർ പരിഹാസ്യരാകുന്നതല്ലാതെ യുവതികൾ കയറുന്നത് തടയാനാവില്ല.

ക്രമസമാധാനം തകർക്കാനുള്ള ആർ.എസ്.എസിന്റെ കെണിയിൽ പാർട്ടിപ്രവർത്തകർ കുടുങ്ങരുത്. പ്രകോപനം സൃഷ്ടിക്കുകയുമരുത്. കഴിഞ്ഞ ദിവസത്തെ ആർ.എസ്.എസ് അക്രമങ്ങളെത്തുടർന്ന് ചില പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. വീടാക്രമണത്തിൽ നിന്ന് പാർട്ടിപ്രവർത്തകർ പിന്മാറണം. വീടുകൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉഭയകക്ഷി ചർച്ചയിൽ ധാരണയായതാണ്. ആർ.എസ്.എസ് ഇത് ലംഘിച്ചു.

കണ്ണൂരിൽ സമാധാന യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് എം.എൽ.എയുടെ വീടാക്രമിച്ചത്. ഇത് സമാധാനമുണ്ടാകാതിരിക്കാനുള്ള ആസൂത്രിത ശ്രമമാണ്. സി.പി.എം എവിടെയും അക്രമത്തിന് ശ്രമിച്ചിട്ടില്ല. ഞങ്ങളെ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചു. ആക്രമിക്കാൻ വരുമ്പോൾ കീഴടങ്ങിക്കൊടുക്കാൻ തയ്യാറല്ല.

പന്തളത്തേത് സാന്ദർഭിക സംഭവം

പന്തളത്ത് ശബരിമല കർമ്മസമിതി പ്രവർത്തകന്റെ മരണത്തിനിടയാക്കിയ കല്ലേറ് സാന്ദർഭികമാണെന്ന് കോടിയേരി പറഞ്ഞു. അത് ആസൂത്രിതമാണെന്ന പൊലീസ് റിപ്പോർട്ടുണ്ടെങ്കിൽ ഏതെങ്കിലും തല തിരിഞ്ഞ ഉദ്യോഗസ്ഥൻ തയ്യാറാക്കിയതാവും. പൊതുവായ നയം അട്ടിമറിക്കാൻ പൊലീസിൽ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത്തരക്കാരെ കണ്ടെത്തണം. ആർ.എസ്.എസ് മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന സംഘടനയാണെന്ന് മനസിലാക്കി ഇടപെടാൻ പൊലീസ് തയ്യാറാവണം. ആർ.എസ്.എസ് ഭീഷണിക്ക് വിധേയരാകാതെ പ്രവർത്തിക്കുന്ന നല്ലൊരു വിഭാഗം പൊലീസുദ്യോഗസ്ഥർ കേരളത്തിലുള്ളതിനാലാണ് അവരുടെ ഉദ്ദേശ്യം നടപ്പാകാത്തത്.

അമിത്ഷാ കേരളത്തിലേക്ക് വരുന്നത് നല്ലതാണ്. അദ്ദേഹം ഒരിക്കൽ വന്നുപോയാൽ ഞങ്ങൾക്ക് ജനപിന്തുണയേറും. അമിത്ഷാ വന്ന് കുലുക്കിയാൽ കുലുങ്ങുന്നതൊന്നും ഇവിടെയില്ല.